
ഇടുക്കി: സർക്കാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിയത് യൂത്ത് കോൺഗ്രസ് നേതാവ്. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടി. ബസിൽ യാത്രചെയ്യുമ്പോഴാണ് ഇയാളെ പിടിച്ചത്.
ഇന്ന് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ, നിഖിൽ പൈലി കുത്തിയത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എസ്‌എഫ്‌ഐ, സിപിഎം പ്രവർത്തകർ ക്യാമ്പസിന് പുറത്തുളള നിഖിലാണ് ആക്രമിച്ചതെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. പൊലീസും ഇതേ കാര്യമാണ് വ്യക്തമാക്കുന്നത്.
യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻപ് ക്യാമ്പസിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം. കണ്ണൂർ സ്വദേശിയാണ് ധീരജ്. സംഘർഷത്തെ തുടർന്ന് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്‌ക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചു. കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിൻസിപ്പലും അറിയിച്ചു.