
വാഷിംഗ്ടൺ : ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്സിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. 60ലേറെ പേർക്ക് പരിക്കേറ്റു. പത്തിലേറെ പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11 മണിയോടെ 19 നില കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ തകരാറിലായ ഇലക്ട്രിക് സ്പേസ് ഹീറ്ററിൽ നിന്ന് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ന്യൂയോർക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തങ്ങളിൽ ഒന്നാണിത്. ആഫ്രിക്കയിൽ നിന്നും മറ്റുമുള്ള കുടിയേറ്റക്കാരാണ് അപ്പാർട്ട്മെന്റിലെ താമസക്കാരിൽ നല്ലൊരു ഭാഗവും. 200 ലേരെ അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. 16 വയസും അതിൽ താഴെയുള്ളവരുമാണ് മരിച്ച 9 കുട്ടികളും. അപകടത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. 120 അപ്പാർട്ട്മെന്റുകൾ അടങ്ങിയതാണ് തീപിടിത്തമുണ്ടായ കെട്ടിടം. 1990ൽ ന്യൂയോർക്കിലെ ഹാപ്പി ലാൻഡ് സോഷ്യൽ ക്ലബിലുൽ 87 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ തീപിടിത്ത അപകടമാണ് ഇപ്പോഴത്തേത്.