deltacron

നിക്കോസിയ : സൈപ്രസിൽ റിപ്പോർട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദമായ ' ഡെൽറ്റാക്രോണി"ന്റെ നിലനിൽപ്പിനെ സംബന്ധിച്ചും അങ്ങനെയൊരു വകഭേദം ലബോറട്ടറിയിലെ കൈയ്യബദ്ധത്തിന്റെ ഫലമാണോ എന്നും മറ്റും ഉയരുന്ന സംശയങ്ങൾക്ക് മറുപടിയുമായി സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോണിഡോസ് കോസ്ട്രികിസ്. ആരോപണങ്ങൾ തള്ളിയ അദ്ദേഹം മുമ്പുണ്ടായ വകഭേദങ്ങൾ പരിണമിച്ചാണ് ഡെൽറ്റാക്രോൺ രൂപപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കി.

ഡെൽറ്റാക്രോൺ പുതിയ വകഭേദമല്ലെന്നും ലാബിലുണ്ടായ മലിനീകരണത്തിന്റെ ഫലമാണെന്നും യു.കെയിലെ ഒരു വൈറോളജിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു. ഡെൽറ്റാക്രോണിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ ഡെൽറ്റാക്രോൺ സ്ഥിരീകരിച്ചിട്ടില്ല. വകഭേദത്തെ സംബന്ധിച്ച സ്ഥിരീകരണത്തിന് പഠനങ്ങൾ നടക്കുകയാണ്.

ഡെൽറ്റയുടേയും ഒമിക്രോണിന്റേയും സംയോജിത സ്വഭാവം പ്രകടിപ്പിക്കുന്ന പുതിയ കൊവിഡ് വകഭേദമായ ഡെൽറ്റാക്രോണിനെ സൈപ്രസിൽ കണ്ടെത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡെൽറ്റ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഡെൽറ്റാക്രോണിനുള്ളത്. നിലവിൽ സൈപ്രസിൽ ഡെൽറ്റാക്രോണിന്റെ 25 സാമ്പിളുകളാണ് കണ്ടെത്തിയത്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14 പേർക്ക് ലക്ഷണങ്ങളില്ലായിരുന്നു.