xiaomi

രാത്രി ഉറക്കത്തിന് മുൻപ് ചാർജ് ചെയ്യാൻ ഫോൺ വച്ചിട്ട് രാവിലെ ഉണർന്നയുടൻ നോക്കുന്നതായിരുന്നു പണ്ട് മലയാളികളുടെ ശീലം. പിന്നീട് രണ്ട് മണിക്കൂറിനുള‌ളിൽ തന്നെ ചാർജാകുന്നതരത്തിലുള‌ളതായ അതിവേഗ ചാർജിംഗ് ഫോണുകൾ വന്നു. എന്നാൽ ഈ കാര്യങ്ങളെല്ലാം പഴങ്കഥയാകുന്ന പുത്തൻ സ്‌മാർട്‌ഫോണുകൾ പുറത്തിറക്കുകയാണ് ഷവോമി.

2022ൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകളുള‌ള ഫോണുകളായ 11ഐ, 11ഐ ഹൈപ്പർചാർജ് 5ജി ഫോണുകളാണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഹൈപ്പർചാർജ് 120 വാട് ഫാസ്‌റ്റ് ചാർജിംഗ് ഉണ്ടെന്ന് കമ്പനി അറിയിക്കുന്നു. വെറും 15 മിനുട്ടുകൊണ്ട് 100 ശതമാനം ചാർ‌ജ് ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഷവോമി 11ഐയ്‌ക്ക് 6 ജിബി റാമും ഒപ്പം 128 ജിബി വേർഷന് 24,999 രൂപയാണ് വില. 8ജിബി റാം പ്ളസ് 256 ജിബി വേർഷന് 26,999 രൂപയാണ് വില. ഷവോമി 11ഐ ഹൈപ്പർചാർജ് 6 ജിബി റാമും ഒപ്പം 128 ജിബി വേർഷന് 26,999രൂപയും 8ജിബി റാമിന് 28,999 രൂപയുമാണ് വില. 120 വാട് ചാർജിംഗ് ബണ്ടിൽ പ്രത്യേകമായി പുറത്തിറക്കാനാണ് കമ്പനി ശ്രമം. 3999 രൂപയാണ് വില. 3ജിബി പ്രത്യേക എക്‌സ്ട്രാ വെർച്വൽ റാമും ഇരുഫോണുകളിലുമുണ്ട്.

എസ്‌ബി‌ഐ കാർഡുടമകൾക്ക് 2500 രൂപയുടെ കിഴിവുണ്ട്. ഫ്ളിപ്കാർട്ടിൽ പ്രത്യേക സ്‌മാർട്ട് അപ്‌ഗ്രേഡ് പ്രോഗ്രാം വഴിയും ഫോൺ വാങ്ങാം. റെഡ്മി നോട്ട് ഉപഭോക്താക്കൾക്ക് 4000 രൂപ കുറവിലും ഫോൺ വാങ്ങാം. അതിവേഗം ചാർജിംഗ് പൂർത്തിയാകുമെങ്കിലും ബാറ്ററി വേഗം തീരുന്ന പരാതിയുണ്ടാകില്ലെന്നും കമ്പനി പറയുന്നു. 800 ചാർജിംഗ് സർക്കിളിന് ശേഷവും 80 ശതമാനം ചാർജ് ബാറ്ററി ലൈഫുണ്ട്. ഫോൺ സെറ്റിംഗ്സിൽ കയറി ഹൈപ്പർചാർജ് ഓഫാക്കാനുള‌ള സംവിധാനവുമുണ്ട്. അതിവേഗം ചാർജിംഗ് നടക്കുന്നതായി സൂചിപ്പിക്കുന്ന മഞ്ഞനിറത്തിലെ അക്ഷരങ്ങൾ കാണാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ളേയാണ് ഇരുഫോണുകൾക്കും. ഡ്യുവൽ സിമ്മുകളായ ഇവയിൽ പിൻക്യാമറ 8എംപി അൾട്രാ സെൻസറും 2എംപി മാക്രോ ക്യാമറയുമുള‌ള 108 എംപി ക്യാമറയാണ്. 16എംപി മുൻക്യാമറയുമുണ്ട്. ഡോൾബി അറ്റ്‌മോസുള‌ള ഡ്യുവൽ സ്‌പീക്കറുകളും ഫിംഗർ പ്രിന്റ സ്‌കാനറുകളുമെല്ലാമടങ്ങിയ കിടിലൻ ഫീച്ചറുകളാണ് ഈ ഫോണുകളിലുള‌ളത്.