
കോട്ടയം : പങ്കാളികളെ കൈമാറ്റം ചെയ്‌ത് ലൈംഗിക ബന്ധത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം വഴി ഏഴു ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പങ്കാളികളെ കൈമാറിയിരുന്നത് ഈ ഗ്രൂപ്പുകളിൽ ആയി 5000 അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ കല്യാണം കഴിഞ്ഞ് 20 വർഷം ആയവരും ഉണ്ട്. . കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാൻ താല്പര്യം കാണിച്ച് ഗ്രൂപ്പുകളിൽ എത്തിയവരും പങ്കാളികളെ കൈമാറിയവരും ഉണ്ടെന്ന് പൊലീസ് പറയുന്നു.
പങ്കാളികളെ കൈമാറാത്തവരും പരാതിക്കാരിയായ കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളിൽ അഞ്ചുപേർ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേർ പങ്കാളികൾ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികൾ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ 14,000 രൂപ നൽകണമെന്നതാണ് ധാരണ. ഇത്തരത്തിൽ നിരവധി യുവാക്കളടക്കം ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു എന്ന് പൊലീസ് പറയുന്നു.
പങ്കാളികൾ അല്ലാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെൺവാണിഭത്തിന് പരിധിയിൽ വരുമെന്ന് പൊലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. . ഗ്രൂപ്പുകളിൽ കണ്ട നമ്പരുകൾ കേന്ദ്രീകരിച്ച് പൊലീസ് പരാതിക്കാരെ തപ്പിയെടുക്കാൻ ഉള്ള ശ്രമത്തിലാണ്. പലരും കുടുംബമായി കഴിയുന്നതിനാൽ തന്നെ പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾ അടക്കമുള്ളവരുമായി വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് അതുകൊണ്ട് തന്നെ ആർക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ കൊല്ലം ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് കേസിൽ അറസ്റ്റിലായത്. കോട്ടയം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്വദേശിനിയെ ഒൻപത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതിൽ ആറു പേരും പൊലീസിന്റെ പിടിയിലായി. പിടിയിൽ ആകാനുള്ള മൂന്നുപേരിൽ ഒരാൾ സൗദിയിലേക്ക് കടന്നു എന്ന്അ ന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ കൊല്ലം സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നതായി പൊലീസ് വ്യക്തമാക്കി.