
നടിയെ ആക്രമിച്ച കേസിൽ ഇരയാക്കപ്പെട്ട താരത്തിന് പിന്തുണയുമായി സിനിമാ ലോകത്ത് നിന്ന് നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. എന്നാൽ നടിയുടെ ആത്മസുഹൃത്തും അഭിനേത്രിയുമായ ശില്പ ബാല ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് വളരെയേറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കൂട്ടിയായിരുന്നപ്പോൾ മുതൽ ധൈര്യശാലികളായ നിരവധി പോരാളികളെ കുറിച്ചുള്ള കഥകൾ കേട്ടാണ് താൻ വളർന്നതെന്നും എന്നാൽ വിധി അത്തരത്തിലൊരു പോരാളിയുടെ മുന്നിൽ തന്നെ കൊണ്ടെത്തിച്ചുവെന്നും ഇരയാക്കപ്പെട്ട നടിക്ക് പിന്തുണ നൽകികൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ശില്പ ബാല പറയുന്നു.
ഇത്രയെങ്കിലും തുറന്നുപറയാനുള്ള കരുത്ത് ആർജിക്കാൻ നടി എത്രമാത്രം ബുദ്ധിമുട്ടിയെന്ന് അവരോടൊപ്പം ഈ പ്രതിസന്ധിഘട്ടത്തിൽ ഉണ്ടായിരുന്നവർക്ക് മാത്രമേ അറിയുകയുള്ളൂവെന്നും ഇത്തരത്തിലൊരു ധീര വനിതയെ അടുത്തറിയാൻ സാധിക്കുന്നതിനെക്കാൾ വലിയൊരു പ്രചോദനം തനിക്ക് ഇനി ജീവിതത്തിൽ ലഭിക്കാനില്ലെന്നും ശില്പ പറഞ്ഞു. നടിയോടൊപ്പം ഈ പ്രതിസന്ധിഘട്ടത്തിൽ നിൽക്കുന്ന എല്ലാവർക്കും നന്ദി പറയുന്നെന്നും അങ്ങനെയുള്ളവരുടെ പിന്തുണ ഇരയ്ക്ക് നൽകുന്ന ഊർജം വാക്കുകൾക്ക് അതീതമാണെന്നും ശില്പ കുറിച്ചു. ഈ പിന്തുണ നടിക്ക് മാത്രമല്ല തങ്ങൾക്കും ലോകത്തിലുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് ടൊവിനോ, പാർവതി, കുഞ്ചോക്കോ ബോബൻ, ആഷിക് അബു, ഐശ്വര്യ ലക്ഷ്‌മി, റിമ കല്ലിങ്കൽ, സയനോര ഫിലിപ്പ്, അന്ന ബെൻ, സുപ്രിയ മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, അഞ്ജലി മേനോൻ, മിയ, ദിവ്യ പ്രഭ തുടങ്ങിയ താരങ്ങൾ നടിക്ക് പിന്തുണ അറിയിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.