icu

യുട്യൂബ് വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പ് ആയ 'ഐസിയു' (ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍). മുന്‍പ് ഐസിയുവിന്‍റെ അഡ്‍മിന്‍ പാനലില്‍ ഉണ്ടായിരുന്ന ശ്രീകാന്ത് വ്യക്തിപരമായ തിരക്കുകള്‍ കൂടവെ അഡ്‍മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നെന്ന് ഐസിയു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്. കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐ.സി.യുവിന് ഈ വിഷയത്തിലില്ല. സമ്പൂർണമായും ഇരയോട്/ ഇരകളോടൊപ്പം നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഐസിയുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീകാന്ത് വെട്ടിയാറെ സംബന്ധിച്ച് ഒരു #MeToo ആരോപണം ഉയർന്നുവന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുൻപ് ഐസിയു അഡ്‍മിന്‍ പാനലിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ. പിന്നീട് സ്വന്തം തിരക്കുകൾ കൂടിവരവേ ശ്രീകാന്ത് അഡ്‍മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമിൽ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂർവ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്. എല്ലായ്പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തിൽ ഐസിയു സമ്പൂർണമായും ഇരയോട്/ ഇരകളോടൊപ്പം നിൽക്കുന്നു, അവർക്ക് എല്ലാവിധ ഐക്യദാർഢ്യവും ഉറപ്പുനൽകുന്നു.