
കോട്ടയം: പങ്കാളിയെ പങ്കുവച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹോദരൻ. സഹോദരിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചതെന്നും, കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു.
അമ്മ വിചാരിച്ചാൽ നമുക്ക് കോടീശ്വരരാകാമെന്ന് പ്രതി മക്കളോട് പറഞ്ഞിരുന്നു. യുവതി സമ്മതിക്കാതിരുന്നപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും, മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും യുവതിയുടെ സഹോദരൻ പറയുന്നു.
ആദ്യം വിവരം അറിഞ്ഞപ്പോൾ സഹോദരിയുടെ ഭർത്താവിനെ തല്ലാൻ ശ്രമിച്ചതാണ്. അന്ന് അയാൾ മാപ്പ് പറഞ്ഞ് ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നെന്നും സഹോദരൻ പറഞ്ഞു. 'തിരിച്ച് വീട്ടിൽ ചെന്നാൽ കേറ്റാത്ത വീട്ടുകാരുണ്ട്. ആ സ്ത്രീകളൊക്കെ അനുഭവിക്കുകയാണ്.സാഹചര്യം കൊണ്ടാണ്.'- അദ്ദേഹം കൂട്ടിച്ചേർത്തു.