
ന്യൂഡൽഹി: കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പത്ത് കാറുകളിൽ എട്ടും മാരുതിയുടെ (maruti) മോഡലുകൾ. വാഗൺആർ (wagon R), സ്വിഫ്‌റ്റ്, ഓൾട്ടോ 800, ഡിസയർ, വിറ്റാര ബ്രെസ, ഈക്കോ, എർട്ടിഗ, ബലേനോ എന്നിവയാണവ. ആദ്യമായാണ് ടോപ് 10ൽ മാരുതിയുടെ എട്ട് മോഡലുകൾ ഇടംപിടിക്കുന്നത്.
1.83 ലക്ഷം യൂണിറ്റുകളുടെ വില്പനയുമായി വാഗൺആർ ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള കാറെന്ന പട്ടം ചൂടി. സ്വിഫ്‌റ്റിനാണ് രണ്ടാംസ്ഥാനം. ബലേനോ മൂന്നാമതും ഓൾട്ടോ 800 നാലാമതുമാണെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. ടോപ് 10 കാറുകളുടെ വില്പനയിൽ 83 ശതമാനവും സംഭാവന ചെയ്‌തത് മാരുതിയുടെ എട്ട് മോഡലുകളാണ്. 2021ലെ മൊത്തം പാസഞ്ചർ വാഹന വില്പനയിൽ ഇവ 38 ശതമാനവും പങ്കുവഹിച്ചു.
പുത്തൻ മോഡലുകളും മികച്ച സേവനവുമായി 2022ലും സമാനനേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി സീനിയർ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.