
ന്യൂഡൽഹി: "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വിവാഹക്ഷണക്കത്ത് ഇതാണ്". ഈ അടിക്കുറിപ്പോടുകൂടി ബോളിവുഡ് താരം സുനിൽ ഗ്രോവർ സാക്ഷാൽ മിന്നൽ മുരളിയുടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. നാല് ലക്ഷം വ്യൂസ് കുറഞ്ഞ സമയത്തിനുള്ളിൽ നേടി കഴിഞ്ഞ വീഡിയോ ട്രെൻഡിംഗിൽ മുന്നിൽ തന്നെയുണ്ട്.
മിന്നൽ മുരളിയുടെ വേഷത്തിലുള്ള വരൻ അമലിന്റെയും വധു അഞ്ചുവിന്റെയും വിവാഹം വരുന്ന ജനുവരി 23നാണ്. ഫോട്ടോഗ്രഫി ആത്രേയ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പുറത്തിങ്ങിയത്. ജിബിൻ ജോയ് ആണ് ചിത്രങ്ങളും വീഡിയോയും പകർത്തിയിരിക്കുന്നത്.
അടുത്ത കാലത്തായി സൂപ്പർ ഹിറ്റായ ഒരു സംഗതിയാണ് സേവ് ദി ഡേറ്റ്. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം വൻ തരംഗമാകുകയും ചെയ്തിട്ടുണ്ട്. സേവ് ദി ഡേറ്റിനായി ആരും ഇതുവരെ പരീക്ഷിക്കാത്ത വ്യത്യസ്ത ഐഡികൾക്കായുള്ള നെട്ടോട്ടത്തിലാണ് വധൂവരൻമാരും ഫോട്ടോഗ്രാഫേഴ്സും ഇപ്പോൾ. ഏതുവിധേനെയും സംഗതി വൈറലാകണമെന്നാണ് ഇവരുടെ മോഹം. ഇത്തരത്തിലുള്ള ഒരു കേരള സേവ് ദി ഡേറ്റ് വീഡിയോയാണ് ബോളിവുഡിൽ വരെ തരംഗമായിരിക്കുന്നത്.
മിന്നൽ മുരളിയുടെ സംവിധായകനായ ബേസിൽ ജോസഫും വീഡിയോ പങ്കുവച്ചിരുന്നു.