covid

ബീയ്ജിംഗ്: ഒമിക്രോൺ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചൈനയിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ചൈനയിലെ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അടുത്ത മാസം വിന്റർ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ബീയ്ജിംഗ് നഗരം അതീവ ജാഗ്രതയിലാണ്. അതിർത്തികളിൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കികൊണ്ടും,​ സാദ്ധ്യമായ പ്രദേശങ്ങളിലാകെ ലോക്ക്ഡൗൺ നടപ്പിലാക്കികൊണ്ടുമാണ് ചൈന സീറോ കൊവിഡ് എന്ന നയത്തിലേക്ക് നീങ്ങുന്നത്. ഒമിക്രോൺ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ചൈനയിലെ അനിയാംഗ് നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും യാത്രകൾ പൂർണ്ണമായി ഒഴിവാക്കണം എന്നും അനിയാംഗ് പ്രദേശത്ത് കർശന നിർദേശം നൽകിയിട്ടുണ്ട്.

പ്രവിശ്യാ തലസ്ഥാനമായ ഷെംഗ്ഷയിൽ സ്കൂളുകളും കിന്റർ ഗാർട്ടനുകളും അടച്ചിരുന്നു. കൂടാതെ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കിയിട്ടുണ്ട്.