
ന്യൂഡൽഹി: കടുത്ത സാമ്പത്തിക ബാദ്ധ്യതകൊണ്ടും ഉപഭോക്താക്കളെ നഷ്‌ടപ്പെടുന്നതുകൊണ്ടും പൊറുതിമുട്ടിയ വൊഡാഫോൺ ഐഡിയ(വി)യെ സഹായിക്കാൻ കേന്ദ്ര സർക്കാർ എത്തുന്നെന്ന് കമ്പനി വെളിപ്പെടുത്തി. സ്‌പെക്ട്രം കുടിശികയ്‌ക്ക് പകരമായി ഓഹരി നൽകാൻ കമ്പനി ബോർഡ് തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ ഭൂരിപക്ഷം ഓഹരി (35.8%) സർക്കാരിന് സ്വന്തമാകുന്നത്.
വൊഡാഫോൺ ഗ്രൂപ്പും ആദിത്യ ബിർള ഗ്രൂപ്പിന്റെ കുമാർ മംഗളം ബിർളയുടെ ഐഡിയയും ചേർന്നുളള 'വി'യിൽ വൊഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനം ഓഹരിയും ഐഡിയ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉളളത്. 2016ൽ റിലയൻസ് ഉടമസ്ഥതയിലുളള ജിയോയുമായുണ്ടായ കിടമത്സരത്തിൽ ജിയോ ഒന്നാമതെത്തുകയും മറ്റ് കമ്പനികൾ കനത്ത നഷ്‌ടം നേരിടുകയും ചെയ്‌തിരുന്നു. തുടർന്ന് ഓരോ വർഷവും വൻതോതിൽ ഉപഭോക്താക്കളെ വി കമ്പനിയ്‌ക്ക് നഷ്‌ടമായി. നിലവിൽ 36 ശതമാനം ഓഹരിയും സർക്കാരിന് സ്വന്തമാകുന്നതോടെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി പങ്കാളികൾ കേന്ദ്ര സർക്കാരായി മാറും.