
ചെന്നൈ: മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അമ്മയും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി. തമിഴ്നാട് തിരുച്ചുറപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരമ്പല്ലൂർ സ്വദേശിനി മഹാലക്ഷ്മി (10) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി പണം മോഷ്ടിച്ചത് മഹാലക്ഷ്മിയാണെന്ന് ബന്ധു കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മയോട് പരാതി പറഞ്ഞു.
ഇതിൽ പ്രകോപിതയായി അമ്മ സ്പൂൺ ചുട്ടുപഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും വച്ച് പൊള്ളിക്കുകയായിരുന്നു. പൊള്ളിച്ചതിന് പുറമെ അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിക്കുകയും ചെയ്തു. അതോടെ അവശനിലയിലായ കുട്ടിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി നൽകുകയായിരുന്നു.
ആരോഗ്യനില വീണ്ടും മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മയും ബന്ധുവും പൊലീസ് കസ്റ്റഡിയിലാണ്.