
ബീജിംഗ്: സർക്കാരുമായി ബന്ധപ്പെട്ട നേതാവിന്റെ അഴിമതി പുറത്തുകൊണ്ടുവന്നതിന് മനുഷ്യാവകാശ പ്രവർത്തകനായ അഭിഭാഷകന് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ചൈനയിലെ അഭിഭാഷകനായ യാംഗ് മവോഡോംദ് ആണ് ചൈനീസ് ഭരണകൂടത്തിന്റെ കടുത്ത പീഡനത്തിനിരയായത്.
2006ൽ ഒരു പ്രാദേശിക കമ്മ്യൂണിസ്‌റ്റ് നേതാവ് ജനങ്ങളുടെ ഭൂമി മറിച്ചുവിറ്റ് വലിയ ധനികനായ വിവരം യാംഗ് പുറത്തുകൊണ്ടുവന്നിരുന്നു. വിവരം പുറത്തായതോടെ ചൈനീസ് ഭരണകൂടം പ്രതികാരബുദ്ധിയോടെ യാംഗിനോട് പെരുമാറിത്തുടങ്ങി. ഓരോ കാരണങ്ങളാൽ നിരന്തരം യാംഗിനെ തടവിലാക്കി. കുടുംബത്തിനും ഭീഷണിയുണ്ടായി. ഒടുവിൽ യാംഗിന്റെ ഭാര്യയായ സാംഗ് ക്വിംഗ് കുട്ടികളുമായി 2009ൽ അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. എന്നാൽ നീണ്ട 15 വർഷമായി യാംഗിനെ ഭാര്യയെയോ കുട്ടികളെയോ കാണാൻ അനുവദിച്ചില്ല.
ഇതിനിടെ 2021ൽ യാംഗിന്റെ ഭാര്യയ്‌ക്ക് അർബുദം സ്ഥിരീകരിച്ചു. ഭാര്യയെ കാണാനും ശുശ്രൂഷിക്കാനും അവസരം തരണമെന്ന യാംഗിന്റെ കേണുളള അപേക്ഷ ചൈനീസ് സർക്കാർ ചെവിക്കൊണ്ടില്ല. വൈകാതെ 55കാരിയായ സാംഗ് ക്വിംഗ് മരണമടഞ്ഞു. മരണവിവരം അറിഞ്ഞിട്ടും യാംഗിന് അമേരിക്കയിലെത്താൻ കഴിഞ്ഞില്ല. തടവിലാക്കപ്പെട്ടപ്പോൾ പൊലീസിൽ നിന്നും നിരവധി തവണ മർദ്ദനമേൽക്കേണ്ടിയും വന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനോ ഭാര്യയെ അവസാനമായൊന്ന് കാണാനോ യാംഗിന് ചൈനീസ് ഭരണകൂടം അനുമതി നൽകിയില്ല.