
ഭോപ്പാൽ: ആത്മീയ ചിന്തകനായ ശങ്കരാചാര്യരുടെ 108അടി ഉയരമുള്ള ലോഹ പ്രതിമയും അതിനോടു ചേർന്ന് മ്യൂസിയവും നിർമിക്കാനൊരുങ്ങുകയാണ് മദ്ധ്യപ്രദേശ് സർക്കാർ . 2000 കോടി രൂപയാണ് നിർമാണ ചെലവ്. കഴിഞ്ഞയാഴ്ച നടന്ന ആചാര്യ ശങ്കർ സംസ്കൃത് ഏകതാ ന്യാസിന്റെ ട്രസ്റ്റി ബോർഡിന്റെ യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം അംഗങ്ങളുമായി ചർച്ച ചെയ്തു. സ്വാമി അവേദശാനന്ദ ഗിരി ജി മഹാരാജിനൊപ്പം പ്രമുഖരായ സന്ന്യാസിമാരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ പ്രതിപക്ഷമായ കോൺഗ്രസ് ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചു. പദ്ധതിക്കാവശ്യമായ പണം ബജറ്റിൽ അനുവദിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ ചർച്ച നടത്തേണ്ടതുള്ളു എന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തെക്കാൾ മേലെയാണ് നിലവിലെ കടബാദ്ധ്യത എന്നും അദ്ദേഹം പറഞ്ഞു. കടബാദ്ധ്യത സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2.41ലക്ഷം കോടി രൂപയാണ് സംസ്ഥാന ബജറ്റ് വിഹിതം. എന്നാൽ 2.56ലക്ഷം കോടി രൂപയാണ് കടം.
54അടി ഉയരമുള്ള തട്ടിൽ 108അടി ഉയരത്തിലാണ് 'ഏകാത്മക പ്രതിമ' മിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓംകാരേശ്വരിലെ 5.5ഹെക്ടർ ഭൂമിയിലാണ് പ്രതിമയും മ്യൂസിയവും നിർമിക്കുക. നർമദ തീരത്തോട് ചേർന്നുള്ള അഞ്ച് ഹെക്ടർ സ്ഥലത്തിൽ ഒരു ഗുരുകുലവും പത്ത് ഹെക്ടറിൽ ആചാര്യ ശങ്കര ഇന്റർനാഷണൽ അദ്വൈത വേദാന്ത സൻസ്താനും സ്ഥാപിക്കും.
മദ്ധ്യപ്രദേശിൽ ഒരുങ്ങുന്നത് 108അടി ഉയരമുള്ള ആദിശങ്കര പ്രതിമ; നിർമാണ ചിലവ് 2000കോടി