
ഹൈദരാബാദ്: കൊവിഡ് ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിനെ രോഗ നിയന്ത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന വാദവുമായി പ്രമുഖ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും ആരോഗ്യ വിദഗ്ദ്ധരും. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ 30 മുതൽ 50 ശതമാനം ആശുപത്രിവാസം ഒഴിവാക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
മോൾനുപിരാവിറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഐ സി എം ആർ ചീഫ് ഡോ.ബൽറാം ഭാർഗവ പറഞ്ഞതിന് പിന്നാലെയാണ് മരുന്നിന്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടികൊണ്ട് ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർ രംഗത്ത് വന്നിരിക്കുന്നത്. ഇതുവരെയുള്ള പഠനങ്ങളിൽ മരുന്നിന്റെ ഉപയോഗം മനുഷ്യർക്കിടയിൽ പാർശ്വഫലങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി മോൾനുപിരാവിറിനെ അംഗീകാരം നൽകിയിരുന്നു.
കൊവിഡ് ശക്തമായി വ്യാപിക്കുന്ന ഈ ഘട്ടത്തിൽ ഏത് ആന്റി-വൈറൽ മരുന്നും ഉപയോഗപ്രദമാണ് അതുകൊണ്ടുതന്നെ എല്ലാ മുൻകരുതലുകളുമെടുത്ത് മോൾനുപിരാവിർ ഉപയോഗിക്കാമെന്ന് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ പ്രധാന അംഗമായ ഡോ.ഗോവിന്ദരാജൻ പത്മനാഭൻ പറഞ്ഞു.