cinema

വെസ്റ്റ്സൈഡ് സ്റ്റോറി പലവട്ടം പാശ്ചാത്യലോകത്തെ കോരിത്തരിപ്പിച്ച സംഗീതവിസ്മയമാണ്. നാടകവും സിനിമയുമായി പരിവർത്തനം ചെയ്യപ്പെട്ട ആർതർ ലോറൻസിന്റെ പുസ്തകത്തിൽ നിന്ന് വീണ്ടുമൊരു മ്യൂസിക്കൽ സിനിമ കോർത്തെടുത്തിരിക്കുകയാണ് അതേപേരിലുള്ള പുതിയ ചിത്രത്തിലൂടെ ഹോളിവുഡ്ഢിലെ ഇതിഹാസ സംവിധായകനായ സ്റ്റീവൻ സ്പീൽബർഗ്. എഴുപത്തി ഒമ്പതാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി വെസ്റ്റ് സൈഡ് സ്റ്റോറി തിരഞ്ഞെടുക്കപ്പെട്ടു.റേച്ചൽ ആൻ സെന്ഗർ നായികയായ മരിയയെ അവിസ്മരണീയമാക്കി മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.

ന്യൂയോർക്ക് സിറ്റിയുടെ അപ്പർ വെസ്റ്റ് സൈഡ് ഓഫ് മാൻഹാട്ടണിൽ ജെറ്റ്സ് എന്നും ഷാർക്ക്സ് എന്നും രണ്ട് ഗ്രൂപ്പുകൾ നടത്തുന്ന വംശീയതയിലടങ്ങിയ പോരാട്ടവും അതിനിടയിൽ ഉരുത്തിരിഞ്ഞുവരുന്ന പ്രണയവും കുടിപ്പകയും സംഗീതവും ഇടകലർന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.പ്യൂർട്ടോറിക്കോയിൽ നിന്നുള്ളവരാണ് ഷാർക്ക്സിലെ അംഗങ്ങൾ.ജെറ്റ്സ് ആകട്ടെ വെള്ളക്കാരുടെ സംഘവുമാണ്.ചിത്രത്തിലെ കഥാപുരുഷൻ ടോണി ജെറ്റ്സിലെ മുൻ അംഗവും അതിന്റെ ലീഡറായ റിഫിന്റെ ഉറ്റ അനുയായിയും സുഹൃത്തുമാണ്.ഷാർക്ക്സിന്റെ ലീഡർ ബെർണാഡോയുടെ സഹോദരി മരിയയുമായി പ്രണയത്തിലാകുന്നു.സംഗീതവും നൃത്തവുമാണ് അവരെ അടുപ്പത്തിലാക്കുന്നത്.

ചടുലമായ സംഗീതവും മാസ്മര നൃത്തവും സമൂഹത്തിലെ പ്രശ്നങ്ങളോട് ഫോക്കസ് ചെയ്യുന്ന സമീപനവും 1957 ൽതന്നെ മ്യൂസിക്കൽ തിയറ്ററിന്റെ ആവേശമാക്കി വെസ്റ്റ് സൈഡ് സ്റ്റോറിയെ മാറ്റി.ടൂറിംഗ് തിയറ്ററിലേക്ക് മാറും മുമ്പ് എഴുന്നൂറിലധികം തുടർച്ചയായ സ്ക്രീനിംഗ് നടത്തിയിരുന്നു. 1961 ൽ ജെറിമി റോബിൻസും റോബർട്ട് വൈസും ചേർന്ന് ഇതേ പേരിൽ സിനിമയാക്കി.നതാലിയ വുഡ്ഢും റിച്ചാർഡ് വെയ്മറുമായിരുന്നു അതിലെ പ്രധാന അഭിനേതാക്കൾ.മികച്ച ചിത്രത്തിനടക്കം പത്ത് ഓസ്ക്കാർ അവാർഡുകളാണ് ആ ചിത്രത്തിനു ലഭിച്ചത്.ആൻസൽ എൽഗോർട്ടും റേച്ചൽ സ്ഗ്ലറുമാണ് സ്പീൽബർഗ് ചിത്രത്തിലെ അഭിനേതാക്കൾ.മോളിൻ റൂഷ്, സിംഗിംഗ് ഇൻ ദ റെയിൻ ,വെസ്റ്റ് സൈഡ് സ്റ്റോറി എന്നീ ചിത്രങ്ങൾ പോലൊരു മ്യൂസിക്കൽ ചെയ്യണമെന്ന് രണ്ട് പതിറ്റാണ്ടായി ആഗ്രഹിക്കുന്നു.അതാണ് ഇപ്പോൾ സാക്ഷാത്ക്കരിച്ചതെന്ന് സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗ് പറയുകയുണ്ടായി. വൻ പ്രതീക്ഷകളോടെ കഴിഞ്ഞ നവംബർ അവസാനം പുറത്തിറങ്ങിയ ചിത്രം പക്ഷേ ബോക്സോഫീസിൽ വലിയ വിജയംനേടിയില്ല.ലീയനാർഡ് ബേൺസ്റ്റൈനായിരുന്നു ചിത്രത്തിന്റെ സംഗീതം.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കിടെ വിടപറഞ്ഞ പിതാവ് അർണോൾഡ് സ്പീൽബർഗിന്റെ ഓർമ്മകൾക്കു മുന്നിലാണ് സ്പീൽബർഗ് തന്റെ വെസ്റ്റ് സൈഡ് സ്റ്റോറി സമർപ്പിച്ചത്.ചിത്രത്തിന്റെ ഗാനരചയിതാവ് സ്റ്റീഫൻ സോൻധേമും റിലീസിംഗിന് മൂന്നുദിവസം മുമ്പെ മരണമടഞ്ഞു.ആത്മകഥാംശമുള്ള ഫേബിൾമാൻസ് ആണ് സ്പീൽബ‌ർഗിന്റേതായി ഈ വർഷം പുറത്തിറങ്ങുന്ന ചിത്രം.