
വിനോദയാത്രകൾ വൻ വിജയമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള സർവീസുകളുടെ എണ്ണവും കൂട്ടിയിരിക്കുകയാണ് കെഎസ്ആർടിസി. മനസിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചിലവിൽ സമ്മാനിക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കാപ്പുകാട്, നെയ്യാർ ഡാം, ലുലുമാൾ, കോവളം ഉല്ലാസയാത്രയ്ക്കുള്ള അടുത്ത യാത്രയ്ക്ക് തുടക്കമായിരിക്കുകയാണ്. ജനുവരി 16നാണ് യാത്ര ആരംഭിക്കുന്നത്.

രാവിലെ 5.30നാണ് യാത്ര പുറപ്പെടും. 7.30ഓടെ കാപ്പുകാട് ആനവളർത്തൽ കേന്ദ്രത്തിലെത്തും. അവിടെ ബോട്ടിംഗ് സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്. നെയ്യാർ ഡാമിലേയ്ക്കുള്ള യാത്രയിൽ മാൻപാർക്കിലും ചീങ്കണ്ണി പാർക്കിലും സന്ദർശനം നടത്തും. അവിടെനിന്നും തിരുവനന്തപുരം ലുലുമാളിലും, വൈകുന്നേരം കോവളം ബീച്ചിലും സന്ദർശനം നടത്തി രാത്രി 8.30ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 50പേർക്ക് യാത്രയിൽ പങ്കെടുക്കാം. ഭക്ഷണവും ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്കുള്ള പ്രവേശന ഫീസും ഒഴികെ ഒരാളിൽ നിന്ന് 600രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്.

കൊട്ടാരക്കര ഡിപ്പോയിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ജനുവരി എട്ടിനായിരുന്നു. ആ യാത്ര വൻ വിജയമായതോടെയാണ് അടുത്ത യാത്ര സംഘടിപ്പിച്ചത്. ജനുവരി 16നുള്ള യാത്രയുടെ ബുക്കിംഗ് പൂർത്തിയായാൽ അടുത്ത യാത്ര ജനുവരി 30ന് നടത്താനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് യാത്രയുടെ വിശദാംശങ്ങളെ പറ്റി അറിയിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം