lata-mangeshkar

മുംബയ്: വിശ്രുത ഗായിക ലതാ മങ്കേഷ്‌കറിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള‌ളതിനാൽ മുംബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ അറിയിച്ചു. ആരോഗ്യത്തിന് കാര്യമായ പ്രശ്‌നമില്ലെങ്കിലും 92 കാരിയായ ലതാ മങ്കേഷ്‌കറുടെ പ്രായം പരിഗണിച്ചാണ് മുംബയ് ബ്രീച്ച് ക്യാന്റി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് സഹോദരപുത്രി റിച്ച അറിയിച്ചു.

ഗായികയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും റിച്ച ആവശ്യപ്പെട്ടു. മുൻപ് 2019ൽ കടുത്ത ശ്വാസതടസത്തെ തുടർന്ന് ലതാ മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന്ശേഷം വിശ്രമത്തിലായിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ സെപ്‌തംബറിൽ ആരാധകരും ബന്ധുക്കളും ചേർന്ന് ലതാ മങ്കേഷ്‌കറിന്റെ 92ാം പിറന്നാൾ ആഘോഷിച്ചിരുന്നു. ഇൻസ്‌റ്റഗ്രാം ഉൾപ്പടെ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് ലത. ഇന്ത്യയുടെ വാനമ്പാടിയെന്ന് സ്‌നേഹപൂർവം വിളിക്കപ്പെടുന്ന ലത മങ്കേഷ്‌കർ ഗിന്നസ് ബുക്കിൽ പേര് വന്ന ഗായികയാണ്. 2001ൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്നം സമ്മാനിച്ചിരുന്നു.