സാധാരണയായി നാം കേൾക്കുന്ന ഒരു വാക്കാണ് കൂടോത്രം. ആഭിചാര പ്രയോഗമെന്നും ദുഷ്‌ക്രിയ കളെന്നുമൊക്കെ നാം ഈ വാക്കിനെ വിശദീകരിക്കുമെങ്കിലും ഇതിന്റെ യഥാർത്ഥ അർത്ഥം ഇതൊന്നുമല്ല എന്നതാണ് സത്യം. ഗൂഢ സൂത്രം എന്ന വാക്കിന്റെ നാടൻ പ്രയോഗമാണ് "കൂടോത്രം" അതായത് രഹസ്യമായി ചെയ്യപ്പെടുന്ന ക്രിയകൾ എന്ന് വിളിക്കാം.
എന്താണ് കൂടോത്രം
പറഞ്ഞു പരത്തിയ ഒരു വാക്ക് എന്നതിനപ്പുറം ഇതിന് യാതൊരു വിധ അടിസ്ഥാനവുമില്ല. കാരണം അഥർവവേദ പ്രകാരം മാന്ത്രികം പഠിച്ച് പൂർണ്മായി പ്രാവർത്തികമാക്കാൻ കഴിവുള്ള ഉപാസന ബലമുള്ളവർ ഈ ആധുനിക ലോകത്ത് ഇല്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ശക്തമായ മറുവാദങ്ങളും നിലനിൽക്കുന്നുണ്ട്.
ഒരു ലോഹത്തകിടില്‍ ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്‍റെ രൂപവും വരച്ച് ദിവസങ്ങളോളം പൂജ ചെയ്തെടുത്ത ശേഷം ഈ തകിട് ചുരുട്ടി ഒരു കുപ്പിയിലോ മറ്റു സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രു സഞ്ചരിക്കുന്ന വഴിയില്‍ സ്ഥാപിച്ചാൽ അയാളറിയാതെ ഇതിനെ മറികടക്കും, അല്ലെങ്കിൽ ചവിട്ടും. ഇതോടെ ഇത്ര ദിവസത്തിനകം ശത്രുവില്‍ കൂടോത്ര ചെയ്തിയുടെ ഫലം കണ്ടു തുടങ്ങുമെന്നാണ് ഇത്തരക്കാരുടെ വിശ്വാസം. ചാത്തനും മറുതയും അടങ്ങുന്ന ഇനിയും പേര് കൽപ്പിക്കാനാവാത്ത നിരവധി രൂപങ്ങളുടെ മുന്നിലാണ് ഇത്തരത്തിലുള്ള കർമങ്ങൾ നടക്കുന്നത്. ഈ വിശ്വാസവും നിലിൽക്കുന്നുണ്ട്.
അതിജീവിക്കാൻ
ഇത്തരത്തിൽ വിശ്വാസം നിലനിൽക്കുമ്പോൾ തന്നെ ഇതിനെ അതിജീവിക്കാനുള്ള കർമ്മങ്ങളുമുണ്ട്. അവയെ പൊതുവെ ശാന്തി കർമ്മങ്ങൾ എന്നാണ് പറയുന്നത്. ശാന്തി കർമ്മങ്ങളെന്നാൽ ഭയം, രോഗം, ദാരിദ്ര്യം, ആഭിചാര ദോഷം ,ബാധകളിൽ (പ്രേതം) നിന്നുണ്ടാവുന്ന ഉപദ്രവങ്ങളിൽ നിന്ന് ശമനവും പാപ മോചനവും നൽകുന്നവയാണെന്ന് തന്ത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ശന്തികർമ്മങ്ങളിൽ പ്രധാനപ്പെട്ടത് അർപ്പണ മനോഭാവത്തോടെയുള്ള ഈശ്വരഭജനമാണ്. ഇത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. നാം കർമ്മം ചെയ്യുന്നു. ഈശ്വരൻ പ്രസാദിക്കുന്നു. അതിൽ നിന്നും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നുവെന്നാണ് വിശ്വാസം