
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് മുന്നിൽ മൊഴി നൽകി സംവിധായകൻ ബാലചന്ദ്രകുമാർ. തന്റെ കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്‌ദം കൈയിലുണ്ടെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ, താൻ പറഞ്ഞ വിഐപി ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തി.
'പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയുടെയടക്കം തെളിവുകൾ നേരത്തെ കൊടുത്തിരുന്നു. അതിന്റെ സ്റ്റേറ്റ്‌മെന്റാണ് ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പലതവണ, പലസ്ഥലങ്ങളിൽ ദിലീപ് പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്‌ദം കൈയിലുണ്ട്. ഇത്രയും കാര്യങ്ങൾ ആർക്കാണ് വ്യാജമായി ചെയ്യാൻ കഴിയുക. ഓഡിയോ ക്ളിപ്പിലെ ശബ്‌ദം ദീലീപിന്റെതാണെന്ന് തെളിയിക്കാൻ സാധിക്കും.
താൻ പറഞ്ഞ വിഐപി ദിലീപുമായി ഏറ്റവും അടുത്ത നിൽക്കുന്ന ആളാണ്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അപായപ്പെടുത്താൻ അദ്ദേഹം പ്ളാൻ ചെയ്യുന്നുണ്ട്'-ബാലചന്ദ്രകുമാറിന്റെ വാക്കുകൾ.
വധഭീഷണി, ഗൂഡാലോചന എന്നിവയുൾപ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ്, സഹോദരൻ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.