
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി സർക്കാരിനെ ഞെട്ടിച്ച് തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജി വച്ചു. അദ്ദേഹത്തെ കൂടാതെ നാല് എംഎൽഎമാരും പാർട്ടി വിട്ടു. ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് മൗര്യയുടെ വിശദീകരണം.
അതേസമയം, തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി ചോദിച്ചെന്നും പാർട്ടി അത് തള്ളിയതുമാണ് പെട്ടെന്നുള്ള രാജിക്ക് കാരണമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. രാജിക്കത്ത് നൽകിയ ശേഷം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദർശിക്കുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്‌തു. 2016 ൽ മായാവതിയുടെ ബിഎസ്‌പി വിട്ടാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് വാദി പാർട്ടി അദ്ധ്യക്ഷയുമായ മായാവതി മത്സരിക്കില്ലെന്ന് ഉറപ്പായി. ബിഎസ്‌പി ജനറൽ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മായാവതി മാത്രമല്ല താനും മത്സരിക്കാനില്ല. ഇത്തവണ ഉത്തർപ്രദേശിൽ എസ്‌പിയോ ബിജെപിയോ അധികാരത്തിൽ വരില്ലെന്നും ബിഎസ്‌പി ആയിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരാണ് ബിഎസ്‌പി സ്ഥാനാർത്ഥിയെന്ന് അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറായില്ല. ഫെബ്രുവരി 10, 14, 20,23, 27, മാർച്ച് 3, മാർച്ച് 7 തീയതികളിൽ ഏഴ് ഘട്ടമായിട്ടാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുക.