
'റഷ്യ സെലക്ടഡ്" യൂത്ത് കോൺഗ്രസിന്റെ ജനസമ്പർക്ക ജാഥയിൽ അംഗമായിരുന്ന എം.എം.ഹസ്സൻ അത് കേട്ട് തുള്ളിച്ചാടി. വർഷങ്ങളായി കൊതിച്ചിരുന്ന റഷ്യൻ യാത്രയ്ക്ക് പച്ചക്കൊടി. എറണാകുളത്തെ ഓഫീസ്ചുമതലക്കാരനായ ഹരിദാസാണ് ഫോണിലൂടെ വിവരമറിയിച്ചത്.ഡൽഹിയിൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.പി ട്രങ്ക് കോളിലൂടെ അറിയിച്ചതാണ്. ഉടനെ അറിയിപ്പ് വരുമെന്നും പറഞ്ഞു. കടന്നപ്പള്ളിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ, ഹസ്സനും ജാഥാ ക്യാപ്ടൻ വി. എം. സുധീരനും ഉറപ്പിച്ചു- അഖിലേന്ത്യാ യൂത്ത് കോൺഗ്രസിന്റെ റഷ്യൻ പ്രതിനിധി സംഘത്തിൽ ഹസ്സനെയും ഉൾപ്പെടുത്തിയതാവും പിന്നെ, റഷ്യൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളായി. പത്രത്തിലും വാർത്ത വന്നു. യാത്രയ്ക്കുള്ള കമ്പിളി വസ്ത്രങ്ങളും മറ്റും വാങ്ങി ഹസ്സൻ കൊച്ചിയിലെ ഭാര്യാവീട്ടിലേക്ക്. യാത്ര തിരിക്കേണ്ട സമയമറിയാൻ ഡൽഹിയിലെ കടന്നപ്പള്ളിയുടെ ഓഫീസിലേക്ക് ട്രങ്ക് കോൾ വിളിച്ചു . സന്ധ്യയോടെ കോൾ കിട്ടി.
''റഷ്യയിലേക്ക് എന്ന് പോകേണ്ടി വരും. ആരൊക്കെയാണ് സംഘത്തിലുള്ളത്?""ഹസ്സന് ആകാംക്ഷയായി.
''റഷ്യയിലേക്കോ,ആരു പോകുന്ന കാര്യമാ?"" മറുചോദ്യം കേട്ട് അന്ധാളിച്ചു പോയ ഹസ്സൻ കാര്യം ധരിപ്പിച്ചപ്പോൾ കടന്നപ്പള്ളി പൊട്ടിച്ചിരിച്ചു. ''ഹസ്സന്റെ ഭാര്യ റഹിയയ്ക്ക് സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസറായി സെലക്ഷൻ കിട്ടിയ കാര്യം അറിയിക്കാനാണ് ഞാൻ വിളിച്ചത്. റഹിയ സെലക്ടഡ് എന്നത് അയാൾ റഷ്യ സെലക്ടഡ് എന്ന് കേട്ടതാവും."" കടന്നപ്പള്ളി വ്യക്തമാക്കി. മോസ്കോ യാത്രയും ലെനിൻ മ്യൂസിയം സന്ദർശനവുമടക്കമുള്ള സ്വപ്നങ്ങൾ തകർന്നടിഞ്ഞു. സുധീരനെ അറിയിച്ചപ്പോൾ, പൊട്ടിച്ചിരിച്ചുകൊണ്ടുള്ള മറുപടി ഇതായിരുന്നു.
''ഇനി കുറച്ച് നാളത്തേക്ക് പുറത്തിറങ്ങണ്ട. ആരെങ്കിലും  അന്വേഷിച്ചാൽ റഷ്യയിലാണെന്ന് ഞങ്ങൾ പറഞ്ഞു കൊള്ളാം."" അങ്ങനെ ഹസ്സൻ ഒരു മാസത്തോളം ഭാര്യാവീട്ടിൽ 'ഹോം ക്വാറന്റൈനിലായി".
ചിരിക്കും ചിന്തയ്ക്കും വക നൽകുന്ന നുറുങ്ങ് നർമ്മങ്ങളും അര നൂറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തിലെ സംഭവ ബഹുലമായ ഏടുകളും സ്നേഹച്ചരടിൽ കോർത്തിണക്കിയ മധുരച്ചെപ്പാണ് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ഹസ്സന്റെ ആത്മകഥയായ 'ഓർമ്മച്ചെപ്പ്." എഴുപതുകൾ മുതലുള്ള അര നൂറ്റാണ്ട് കാലത്തെ കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചയുടെയും തളർച്ചയുടെയും മാത്രമല്ല, കേരള രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ഒരേകദേശ രൂപവും പകർന്നു നൽകുന്നു . രാഷ്ട്രീയ ശത്രുക്കളോടു പോലും കാലുഷ്യമില്ല. കുടിപ്പകയില്ല. അവരിലെ നന്മകൾ ചികഞ്ഞെടുക്കുന്നതിൽ വൈമുഖ്യവുമില്ല. രാഷ്ട്രീയത്തിൽ തന്നെ വളർത്തി  വലുതാക്കിയവരോടുള്ള നന്ദിവാക്കുകൾക്കിടയിലും, വളർച്ച തടയാൻ ഒളിയമ്പുകൾ എയ്തവരോട് പരിഭവവുമില്ല. പൊതുപ്രവർത്തകന് വേണ്ട ജീവിത ലാളിത്യവും  പരിശുദ്ധിയും ജനങ്ങളോടുള്ള കർത്തവ്യ ബോധവും നമ്മെ ഓർമ്മിപ്പിക്കുന്ന സ്നേഹത്തിന്റെ തെളിനീരുറവ. സദാ സുസ്മേരവദനനായ ഹസ്സന്റെ അകവും പുറവും സൗരഭ്യമാർന്ന പൊതു ജീവിതത്തിന്റെ കണ്ണാടിയാണ് 'ഓർമ്മച്ചെപ്പ്"
കേരള കൗമുദിയിലെ 'കാട്ടുകള്ളന്മാർ" എന്ന ലേഖന പരമ്പര എഴുപതുകളുടെ മദ്ധ്യത്തിൽ കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചതും ഓർമ്മച്ചെപ്പിൽ വരച്ചിടുന്നു. കോടികളുടെ വനം കൊള്ളയും അതിൽ അന്നത്തെ വനം മന്ത്രി കെ.ജി.അടിയോടിയുടെ പങ്കും തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ പേരിൽ കേരള കൗമുദിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി കെ.കരുണാകരൻ ഉത്തരവിട്ടു. പത്രസ്വാതന്ത്ര്യത്തിനെതിരായ നടപടിയെ മാദ്ധ്യമങ്ങളെല്ലാം അപലപിച്ചു.അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ.കെ.വിശ്വനാഥനും ജനറൽ സെക്രട്ടറി എ.കെ.ആന്റണിയും ശക്തമായി എതിർത്തു. യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതൃത്വങ്ങളും അവർക്കൊപ്പം നിന്നു. കോൺഗ്രസും, മന്ത്രിമാരും രണ്ട് ചേരിയായി. ഒടുവിൽ,കേരളകൗമുദിക്കെതിരായ കേസ് പിൻവലിക്കാൻ  കെ.കരുണാകരനോട് കെ.പി.സി.സി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.തുടർന്നുള്ള പാർട്ടി നേതൃത്വത്തിലെ  പോർ വിളികളും പിത്തലാട്ടങ്ങളുമാണ് എൺപതുകളിലും തൊണ്ണൂറുകളിലും സംസ്ഥാനത്തെ കോൺഗ്രസിൽ നിറഞ്ഞാടിയ ആന്റണി-കരുണാകരൻ ഗ്രൂപ്പ് പോരിന്റെ ഉത്ഭവമുൾപ്പെടെയുള്ള സംഭവങ്ങളും പുസ്തകത്തിലുണ്ട്.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹300