sea-dragon

ലണ്ടൻ: 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നാണ് ബ്രിട്ടനിലെ ഫോസിലുകളെക്കുറിച്ചുള്ള പഠനം നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. യുകെയിൽ കണ്ടെെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും പൂർണവുമായ കടൽ ഡ്രാഗണിന്റെ അസ്ഥികൂടമാണ് ഇവർ കണ്ടെത്തിയത്. ചതുപ്പുനിലം വറ്റിക്കുന്നതിനിടെ റട്‌ലാന്റ് വാട്ടർ കണസർവേഷൻ ടീം ലീഡറായ ജോ ഡേവിസാണ് കടൽ ഡ്രാഗണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ചെളിയിൽ കളിമൺ പൈപ്പുകൾ പോലുള്ള ഒരു വസ്തു കണ്ടതോടെ ജോ ഡേവിസും റിസർവ് ഓഫീസർ പോൾ ട്രെവറും ചതുപ്പുനിലത്തിറങ്ങി പരിശോധിക്കാൻ തുടങ്ങി. ഇതിനു മുൻപും ഇതുപോലെ തിമിംഗലത്തിന്റെയും ഡോൾഫിന്റെയും അസ്ഥികൂടങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ തിമിംഗലത്തിന്റെ അസ്ഥികൂടമാവും എന്നാണ് കരുതിയതെന്ന് ജോ ഡേവിസ് പറയുന്നു. കുറച്ചു കൂടെ മണ്ണ് മാറ്റിയപ്പോൾ നട്ടെല്ല് പോലെയും താടിയെല്ല് പോലെയും തോന്നിയെന്നും ജോ പറയുന്നു.

sea-dragon

180ദശലക്ഷം വർഷം പഴക്കമുള്ള ഈ അസ്ഥികൂടത്തിന് ഏകദേശം പത്ത് മീറ്റർ നീളമുണ്ട്. ഒരു ടണ്ണോളം ഭാരമുള്ള തലയോട്ടിയുള്ള ഇത് ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കടൽ ഡ്രാഗണിന്റെ അസ്ഥികൂടമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഏകദേശം 250ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന കടൽ ഡ്രാഗണുകൾക്ക് 90ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് വംശനാശം സംഭവിച്ചത്. ഇവയ്ക്ക് 25മീറ്ററിൽ കൂടുതൽ നീളവും ഡോൾഫിനുകളോട് സാമ്യമുള്ള ശരീരപ്രകൃതവുമാണ്. കൂറ്റൻ പല്ലുകളും കണ്ണുകളും ഉള്ളതിനാലാണ് ഇവയെ കടൽ ഡ്രാഗണുകൾ എന്ന് വിളിക്കുന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘമാണ് ഖനനത്തിന് നേതൃത്വം നൽകിയത്. ബ്രിട്ടിനാണ് കടൽ ഡ്രാഗണിന്റെ ജന്മസ്ഥലം. ഇതിനു മുമ്പും അവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.