
തലശേരി: സഞ്ചാരപ്രിയരെ സ്വാഗതം ചെയ്ത് കണ്ണൂർ ജില്ലയിലെ തലശേരിയിൽ സമുദ്ര വിനോദ സഞ്ചാരത്തിന് അവസരമൊരുങ്ങുന്നു. ജില്ലയിൽ അടുത്തകാലത്തായി വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ജനത്തിരക്ക് കൂടിയതോടുകൂടിയാണ് പുതിയ സമ്മാനങ്ങൾ യാത്രാപ്രേമികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. കടലിന്റെ ചൂടും തണുപ്പുമെല്ലാം ആസ്വദിച്ചുകൊണ്ടുതന്നെ വിവിധതരം റൈഡുകളിൽ കളിച്ചുരസിക്കാം.
ടൂറിസ്റ്റുകൾക്കായി നിരവധി രസികൻ റൈഡുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ജറ്റ്‌സ്‌കി റൈഡ്, ബനാന റൈഡ്, ബാംബൂ റൈഡ്, ബോട്ടിംഗ് എന്നിങ്ങനെ പലപ്പോഴും വിദേശങ്ങളിൽ മാത്രം കണ്ടുവരുന്ന വിനോദങ്ങൾ നമ്മുടെ കൊച്ചുകേരളത്തിലും ആസ്വദിക്കാനാകും. നീന്തൽ അറിയില്ലെന്ന പേടി വേണ്ട. നീന്തൽ വശമില്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവയാണ് ബനാന റൈഡ്. മാത്രമല്ല ലൈഫ് ജാക്കറ്റ് അണിഞ്ഞ് കടലിൽ കുളിക്കുകയും ചെയ്യാം. വൃത്തത്തിലുള്ള ട്യൂബിൽ ഇരിക്കുന്നവരെ യന്ത്രവത്കൃത ബോട്ടിന്റെ സഹായത്തോടെ കടലിലൂടെ അതിവേഗത്തിൽ കൊണ്ടുപോകുന്ന വിനോദമാണ് ബാംബൂ റൈഡ്.
മീൻ പിടിക്കുന്നതും വിവിധ ഇനത്തിലെ മത്സ്യങ്ങളെ അടുത്തു കണ്ടും കടൽയാത്ര ആസ്വദിക്കാം. കടലിന് സമീപത്തെ പാറക്കൂട്ടത്തിലും ഇരുന്ന് കടലിന്റെ ഭംഗി ആസ്വദിക്കാം. ഡി ടി പി സിയുടെ സഹകരണത്തോടെയാണ് അക്വാ ഫ്രോളിക് വാട്ടർ സ്പോർട്ട്‌സ് നടത്തുന്നത്. ജവഹർ ഘട്ടിനോട് ചേർന്നുകിടക്കുന്ന തീരത്താണ് അഡ്വഞ്ചർ വാട്ടർ സ്പോർട്ട്‌സ് ഒരുക്കിയിരിക്കുന്നത്.