dheeraj-murder

തിരുവനന്തപുരം: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്നും സംഘർഷം. പ്രതിഷേധ പ്രകടനത്തിനിടെ പത്തനംതിട്ട തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് എസ്എഫ്ഐക്കാർ നശിപ്പിച്ചു. ഓഫീസിന്റെ ജനൽചില്ലകൾ ഉൾപ്പെടെ പ്രതിഷേധക്കാർ തകർത്തു.

ആലപ്പുഴ ചാരുംമൂട്ടിലും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ഓഫീസ് അടിച്ചുതകർത്തത്. ഇതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. സംഘർഷത്തെ തുടർന്നുണ്ടായ പരാതികൾ പരിശോധിക്കാൻ ഡോ അബ്ദുൽ ലത്തീഫ്, വിശ്വമ്മ പിഎസ് എന്നിവർ അംഗങ്ങളായ സമിതിയെ ചുമതലപ്പെടുത്തി.

പഠിപ്പ് മുടക്ക് സമരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ വടകര എംയുഎം സ്കൂളിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി പ്രയോഗിച്ചു. കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐക്കാർ അകത്തുണ്ടെന്ന് ആരോപിച്ച് മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് കെഎസ്‌യു മാർച്ച് നടത്തി.