belly-dance

അമിത വണ്ണത്തിന്റെ പേരിൽ മറ്റുള്ളവരിൽ നിന്നും പരിഹാസമേറ്റു വാങ്ങേണ്ടി വന്നവർ നമുക്ക് ചുറ്റിലും ഒരുപാടുണ്ടാകും. വണ്ണം കുറഞ്ഞതിന്റെ പേരിലും പൊക്കം കൂടിയതിനും കുറഞ്ഞതിനുമെല്ലാം മറ്റുള്ളവരെ കളിയാക്കുക എന്നത് സമൂഹത്തിൽ സ്ഥിരം കണ്ടുവരുന്ന ഒരു പ്രവണതയാണ്.

ചിലരെല്ലാം ഇത്തരം ബോഡി ഷെയ്‌മിംഗുകളിൽ പെട്ട് അന്തർമുഖരാകാറുണ്ട്. എന്നാൽ ചുരുക്കം ചിലർ അത്തരം വിമർശനങ്ങളെ ഊർജമാക്കി പറന്നുയരാറുമുണ്ട്. അത്തരത്തിൽ മറ്റുള്ളവർക്ക് പ്രചോദനമേകുന്ന ഒരു വീഡിയോ ആണിത്.

ചെറുപ്പം മുതലേ നൃത്തത്തെ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഒരു യുവതിയുടെ ബെല്ലി ഡാൻസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അമിതവണ്ണത്തിന്റെ പേരിൽ നിരവധി ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും പതറാതെ തന്നെ അവർ മുന്നോട്ട് പോവുകയായിരുന്നു. 'ട്രോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എനിക്ക് കിട്ടുന്ന സ്നേഹത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിങ്ങളും അങ്ങനെ ചെയ്യൂ" എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്‌തത്.

ഹ്യൂമൻസ് ഒഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. എന്നാൽ യുവതിയെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും നൽകിയിട്ടുമില്ല. 'ചെറുപ്പം മുതലേ നൃത്തം ചെയ്യുമായിരുന്നു. അമിതവണ്ണമാണെന്ന് പറഞ്ഞ് ബന്ധുക്കൾ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ നൃത്തത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. പലതരം നൃത്തങ്ങൾ പരിശീലിച്ചു. ഇന്ന് ഞാൻ പ്രൊഫഷണൽ ബെല്ലി ഡാൻസറാണ്." അവർ വീഡിയോയിൽ കുറിച്ചു. എന്തായാലും കളിയാക്കിയവർ പോലും ഇന്ന് അവരുടെ നൃത്തം കണ്ട് സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.