covid-in

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് വ്യാപനം ഗണ്യമായി കൂടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കൂടുതൽ വർദ്ധന ഒഴിവാക്കാൻ ഓരോരുത്തരും വ്യക്തിപരമായി ശ്രദ്ധിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഒരാഴ്‌ചയിൽ ഉണ്ടായത് രോഗികളിൽ 100 ശതമാനം വർദ്ധനയാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചത് 20നും 40നുമിടയിൽ പ്രായമുള‌ളവർക്കാണ്. സംസ്ഥാനത്ത് ഡെൽറ്റാ, ഒമിക്രോൺ കേസുകളുണ്ട്. ഇതിൽ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയുണ്ട്. രോഗം വർദ്ധിച്ചാൽ ആശുപത്രികളിൽ സൗകര്യങ്ങൾക്ക് സംസ്ഥാനത്ത് പരിമിതിയുണ്ട്. അതിനാൽ ശ്രദ്ധ പുലർത്തണം. ഒമിക്രോൺ ക്ളസ്‌റ്ററുകൾ സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കൂടുന്നുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നുണ്ട്. കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണം. പാർട്ടി സമ്മേളനങ്ങൾക്കും കൊവിഡ് പ്രോട്ടോകോൾ ബാധകമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ജനങ്ങൾ അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും പൊതുയോഗങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.