
ന്യൂഡൽഹി : അമേരിക്കയിൽ നിന്നും വ്യോമസേന സ്വന്തമാക്കിയ ചിനൂക്ക് ഹെലികോപ്ടറുകളുടെ ഉപയോഗം മനസിലാക്കിയത് ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം വർദ്ധിച്ചപ്പോഴാണ്. യുദ്ധസമാനമായ സാഹചര്യത്തിൽ സൈനിക നീക്കം ഇരു ഭാഗത്തും ഉണ്ടായപ്പോൾ ടാങ്കുകളടക്കമുള്ള ആയുധങ്ങൾ ആയിരക്കണക്കിന് അടി ഉയരത്തിലേക്ക് ലിഫ്റ്റ് ചെയ്ത് എത്തിക്കാൻ ചിനൂക്ക് ഹെലികോപ്ടറുകളാണ് സഹായിച്ചത്. ചൈനീസ് ഭീഷണി ഇപ്പോഴും നിലനിൽക്കേ കൂടുതൽ ചിനൂക്ക് ഹെലികോപ്ടറുകൾ വേണമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി ആവശ്യപ്പെട്ടതായി ഐ ഡി ആർ ഡബ്ള്യൂ റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് മുതൽ ഏഴുവരെ ചിനൂക്ക് ഹെലികോപ്ടറുകൾ വാങ്ങുവാനാണ് വ്യോമസേന ശുപാർശ ചെയ്തിരിക്കുന്നത്. 2015ലാണ് അമേരിക്കയിൽ നിന്നും 22 അപ്പാച്ചെ ഹെലികോപ്ടറുകളും 15 ചിനൂക്കുകളും വാങ്ങാൻ കേന്ദ്രം തീരുമാനിച്ചത്. ബോയിംഗ് നിർമ്മിക്കുന്ന ഈ കരുത്തൻമാർക്ക് വലിയ വില നൽകേണ്ടതിനാൽ ഏഴിന് പകരമായി അഞ്ചെണ്ണം വരെ വാങ്ങാൻ ഓർഡർ നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേന 2020 ഫെബ്രുവരി മുതൽ ലഡാക്ക്, സിയാച്ചിൻ ഗ്ലേസിയർ തുടങ്ങിയ ദുർഘട മേഖലകളിൽ ചിനൂക്കുകൾ ഉപയോഗിക്കുന്നുണ്ട്.