india-south-africa

കേപ്ടൗൺ: കേപ്ടൗണിലെ കുത്തിയുയരുന്ന പിച്ച് ബാറ്റർമാരുടെ ശവപ്പറമ്പാകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. പ്രതീക്ഷിച്ചത് പോലെ കുത്തിയുയർന്ന കേപ്ടൗണിലെ ബൗൺസിംഗ് പിച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബാറ്റർമാർ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പിടിച്ചുനിന്നത് ഒരാൾ മാത്രം - കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗ്രൗണ്ടിന് പുറത്തെ വിവാദങ്ങളിൽ നട്ടംതിരിയുന്ന ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. കുറച്ചു സമയം ചേതേശ്വർ പൂജാരയും കൂട്ടിനുണ്ടായിരുന്നെങ്കിലും തകർന്ന് വീണ ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത് കൊഹ്‌ലി ഒറ്റയ്ക്ക് നടത്തിയ ചെറുത്ത് നിൽപ്പ് തന്നെയാണ്.

മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 223 റൺസ് എടുക്കുന്നതിനിടെ ഇന്ത്യൻ താരങ്ങൾ എല്ലാവരും പുറത്തായി. വൈസ് ക്യാപ്ടൻ കെ എൽ രാഹുൽ അടക്കമുള്ള മുതിർന്ന താരങ്ങൾ കാണിച്ച അനാവശ്യ ധൃതിയാണ് ഇന്ത്യയുടെ കുതിപ്പിന് ഒരുതരത്തിൽ കടിഞ്ഞാണിട്ടത്. എന്നാൽ അവരിൽ നിന്നും വ്യത്യസ്ഥനാകുകയായിരുന്നു കൊഹ്‌ലി. രണ്ടാം ടെസ്റ്റിൽ പരിക്കിനെതുടർന്ന് പുറത്തിരുന്ന കൊഹ്‌ലി മടങ്ങിവരവിൽ നേടിയത് 79 റൺസാണ്. എന്നാൽ ഇത്രയും റൺസ് കണ്ടെത്താൻ കൊഹ്‌ലി നേരിട്ടത് 201 പന്തുകളാണ്. ഇന്ത്യൻ നായകൻ ക്രീസിൽ കാണിച്ച ആ ക്ഷമയാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 77 പന്തിൽ 43 റണ്ണെടുത്ത ചേതേശ്വർ പൂജാരയും 50 പന്തിൽ 27 റണ്ണെടുത്ത റിഷഭ് പന്തും കൊഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. മുൻനിര ബാറ്റർമാർ എല്ലാം പുറത്തായതോടെ കൂറ്റനടികൾക്ക് മുതിർന്നപ്പോഴാണ് കൊഹ്‌ലിക്ക് തന്റെ വിക്കറ്റ് നഷ്ടമാകുന്നത്.

നാല് വിക്കറ്റെടുത്ത കഗീസോ റബാഡയും മൂന്ന് വിക്കറ്റെടുത്ത മാർക്കോ ജാൻസണുമാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്. ഒളിവർ, എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം എടുത്തു.