gold-

ഹൈദരാബാദ് : സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ ബാൻഡേജിനുള്ളിൽ കെട്ടിവച്ച് കൊണ്ടു വന്ന യാത്രക്കാരൻ പിടിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഷാർജയിൽ നിന്നും എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായത്. ഷാർജയിൽ നിന്ന് ഒരാൾ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് കസ്റ്റംസ് വകുപ്പ് പരിശോധന കടുപ്പിച്ചത്. ഇരുകാലുകളിലുമായി ബാൻഡേജിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി സ്വർണം ഒളിപ്പിച്ച് എത്തുകയായിരുന്നു ഇയാൾ. ബാൻഡേജ് കത്രിക കൊണ്ട് മുറിച്ചാണ് സ്വർണ പേസ്റ്റ് കണ്ടെടുത്തത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. യാത്രക്കാരനിൽ നിന്ന് 970 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

On 09.01.22 Hyderabad Customs booked a case for smuggling of gold against a male pax arriving by Flight G9-450 from Sharjah.970 grams of gold valued at Rs. 47.55 lakhs recovered & seized. Gold in paste form was concealed inside the bandages tied to calves of both the legs. pic.twitter.com/zdrPGTgudJ

— Hyderabad Customs (@hydcus) January 10, 2022

കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നിൽ കൂടുതൽ തവണയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് സ്വർണക്കടത്തുകാരെ പിടികൂടുന്നത്. ഡിസംബർ 28 ന്, ദുബായിൽ നിന്നുള്ള യാത്രക്കാരനെ മലാശയത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം കടത്തിയതിന് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. 1.19 കിലോഗ്രാം സ്വർണമാണ് അന്ന് കണ്ടെത്തിയത്. ഡിസംബർ 24 ന്, ബംഗളുരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 38 കാരനായ സുഡാൻ പൗരനെ മലാശയത്തിനുള്ളിൽ 535 ഗ്രാം സ്വർണ്ണ പേസ്റ്റ് കടത്തിക്കൊണ്ട് വരുന്നതിനിടെ പിടികൂടിയിരുന്നു. ഡിസംബർ 11 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലാശയത്തിൽ സ്വർണം കടത്തിയ രണ്ട് സ്ത്രീകളെയും പിടികൂടിയിരുന്നു. ദുബായിൽ നിന്നാണ് ഇവർ എത്തിയത്. നിരവധി പേർ പിടിയിലായതോടെയാണ് കടത്തുകാർ കള്ളക്കടത്തിന് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നത്.