
അമൃത്സർ: പഞ്ചാബിൽ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തൽ. ഫിറോസ്‌പൂർ ഡി വൈ എസ് പി സുഖ്ദേവ് സിംഗിന്റേതാണ് വെളിപ്പെടുത്തൽ. ഒരു ദേശീയ മാദ്ധ്യമം ഒളിക്യാമറ വച്ച് നടത്തിയ ഓപ്പറേഷനിലാണ് സുഖ്ദേവ് സിംഗിന്റെ വെളിപ്പെടുത്തൽ. ഫിറോസ്‌പൂരിൽ വച്ചാണ് പ്രതിഷേധക്കാർ മോദിയുടെ വാഹനം തടഞ്ഞത്.
ജനുവരി അഞ്ചിനായിരുന്നു പഞ്ചാബ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി സുരക്ഷാ വീഴ്ചയെ തുടർന്ന് മടങ്ങിപ്പോയത്. എന്നാൽ ജനുവരി 2ന് തന്നെ തനിക്ക് ഇതിനെപ്പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെന്നും അന്ന് തന്നെ ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് സംസ്ഥാന എ ഡി ജി പിക്ക് കൈമാറിയിരുന്നെന്നും സുഖ്ദേവ് സിംഗ് വെളിപ്പെടുത്തി. ജനുവരി 2ന് റിപ്പോർട്ട് അയച്ചതിന് ശേഷം തുടർന്നുള്ള ദിവസങ്ങളിലും സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കി എ ഡി ജി പിക്ക് റിപ്പോർട്ടുകൾ അയച്ചിരുന്നെന്ന് സുഖ്ദേവ് സിംഗ് പറഞ്ഞു.
പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് വൻ സുരക്ഷാ വീഴ്ചയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാദങ്ങൾക്ക് ശക്തിപകരുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തൽ. അതേസമയം ഹെലികോപ്ടർ വഴി യാത്രചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം പരിപാടിയിൽ മാറ്റം വരുത്തി റോഡുമാർഗ്ഗം തിരഞ്ഞെടുത്തതിനാലാണ് ആശയകുഴപ്പം ഉണ്ടായതെന്നാണ് പഞ്ചാബ് സർക്കാരിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ വിശദീകരണം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറില്‍ കുടുങ്ങുകയായിരുന്നു.