
വാഷിംഗ്ടൺ : അമേരിക്കയിൽ നിന്നും പന്നി ഇറച്ചി ആദ്യമായി ഇന്ത്യൻ മണ്ണിലെത്തുമ്പോൾ അത് ഉണ്ടാക്കുന്ന ആഘാതം ഇന്ത്യൻ ഫാം മേഖലയിൽ എത്രയാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. തങ്ങളുടെ പന്നിയിറച്ചി, പന്നിയിറച്ചി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ അനുവദിക്കുമെന്ന് തിങ്കളാഴ്ചയാണ് അമേരിക്ക പ്രഖ്യാപിച്ചത്. യു എസ് കൃഷി സെക്രട്ടറി ടോം വിൽസാക്കും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) കാതറിൻ തായും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പന്നിയിറച്ചി ഇറക്കുമതിക്ക് ഇന്ത്യ അനുമതി നൽകിയത് യുഎസ് ഇന്ത്യ വ്യാപാര ബന്ധങ്ങളിലെ നല്ല ചലനത്തെ സൂചിപ്പിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവർത്തനത്തിന്റെ പരിസമാപ്തിയാണ് ഈ അവസരമെന്നാണ് വിൽസാക്ക് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂഡൽഹിയിൽ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിലുള്ള ട്രേഡ് പോളിസി ഫോറത്തിൽ, തങ്ങളുടെ പന്നിയിറച്ചി ഇന്ത്യൻ വിപണിയിലേക്ക് അനുവദിക്കണമെന്ന് അമേരിക്ക വീണ്ടും ആവശ്യപ്പെട്ടിരുന്നു.
2020ലെ യുഎസ്ടിആർ ഡാറ്റ പ്രകാരം പന്നിയിറച്ചി, പന്നിയിറച്ചി ഉൽപ്പന്നങ്ങളുടെ ആഗോള വിൽപ്പന 7.7 ബില്യൺ ഡോളറാണ്. അമേരിക്ക ലോകത്തിലെ മൂന്നാമത്തെ വലിയ പന്നിയിറച്ചി ഉൽപാദകരും, രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ്. കഴിഞ്ഞ വർഷം 1.6 ബില്യൺ ഡോളറിന്റെ കാർഷികോൽപ്പന്നങ്ങളാണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്.