
ചാരുംമൂട്: വിവാഹവണ്ടിയാക്കി നവദമ്പതികളുമായി ചീറിപ്പാഞ്ഞ ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച കറ്റാനം വലിയപള്ളിയിൽ നടന്ന വെട്ടിക്കോട്ട് സ്വദേശിയുടെ വിവാഹത്തിന് ശേഷമാണ് വരനും വധുവും അലങ്കരിച്ച ആംബുലൻസിൽ അപായ സൈറനും മുഴക്കി പാഞ്ഞത്. ആംബുലൻസിൽ വീട്ടിൽ വന്നിറങ്ങുന്നതടക്കമുള്ള ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം, മാവേലിക്കര എസ്.ആർ.ടി.ഒയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.സുധി, സി.ബി. അജിത്ത് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗുരുദാസ്, ഡ്രൈവർ അനൂപ് എന്നിവരടങ്ങിയ സംഘം ആംബുലൻസ് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെട്ടിക്കോട് നൂറനാട് പ്രദേശത്ത് സർവീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് കസ്റ്റഡിയിലെടുത്തത്.
""
അത്യാഹിതത്തിൽപ്പെട്ട രോഗികളെ ആശുപത്രിയിൽ കൊണ്ടുപോവുകയെന്നതാണ് ആംബുലൻസിന്റെ ഉപയോഗം. ഇത് ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കേസെടുക്കും.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ