dheeraj

ഇടുക്കി: എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡി അപേക്ഷ നൽകും.

നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ജെറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. നിഖിൽ പൈലിയേയും ജെറിൻ ജോജോയേയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്.

ധീരജിന്റെ മൃതദേഹം രാത്രി പന്ത്രണ്ടരയോടെയാണ് തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടിൽ എത്തിച്ചത്. രണ്ട് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. സഹോദരൻ അദ്വൈത് ചിതയ്ക്ക് തീകൊളുത്തി.