covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 1,94,720 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 15.8ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 1.68ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 11.5ശതമാനമാണ് നിലവിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ആശുപത്രിയിലടക്കം ജനങ്ങൾ കൂടുതലെത്തുന്ന സ്ഥലങ്ങളിൽ കൊവിഡ് പടരുകയാണ്. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ആൾക്കൂട്ട നിയന്ത്രണമടക്കമുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് കേന്ദ്രം മുമ്പ് അറിയിച്ചത്.

രാജ്യത്ത് ഇതുവരെ 4,868 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ് 1,281 കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. രണ്ടാമതായി രാജസ്ഥാനാണ് 645കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. മുൻകരുതൽ എടുത്താലും ഒമിക്രോൺ എല്ലാവരെയും ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധൻ ഡോ.ജെയ് പ്രകാശ് മുന്നറിയിപ്പ് നൽകുന്നത്. ലോകത്ത് ഒമിക്രോൺ കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം, രാജ്യത്ത് ഇതുവരെ നൽകിയത് 153കോടിയിലധികം ഡോസ് വാക്സിനാണ്. ആരോഗ്യപ്രവർത്തകർക്കും 60വയസിന് മുകളിൽ പ്രായമായവർക്കും ബൂസ്റ്റർ ഡോസ് വാക്സിനും നൽകുന്നതും തുടരുകയാണ്.