
കൊച്ചി: പെൺകുട്ടികൾ പിറന്നെന്ന കാരണത്താൽ ഭർത്താവിൽ നിന്ന് സ്‌നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനിൽ. പരാതിക്കാരിയുടെയും ഭർത്താവിന്റെയും വാദം കേട്ട കമ്മിഷൻ ഇരുവരെയും കൗൺസലിംഗിന് വിധേയരാക്കാൻ തീരുമാനിച്ചു.
പരാതിക്കാരിയുടെ ആരോപണം ഭർത്താവ് നിഷേധിച്ചു. രണ്ടു വയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് മക്കളുള്ള 25 കാരിയാണ് പരാതി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഡോക്ടറും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലെന്നാണ് ഇരുവിഭാഗവും ആരോപിച്ചത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മിഷൻ മുമ്പാകെ തീരുമാനിച്ചു.
കട നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കമ്മിഷൻ കണ്ടെത്തി. സിറ്റിംഗിൽ 39 പരാതികൾ തീർപ്പായി. ഏഴ് പരാതികൾ പൊലീസ് റിപ്പോർട്ടിന് അയച്ചു. പരിഗണിച്ച 200 പരാതികളിൽ 152 ഉം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് ദിവസമായി സംഘടിപ്പിച്ച സിറ്റിംഗിൽ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു.