
കൊടുങ്ങല്ലൂർ : ഫേസ്ബുക്ക് സൗഹൃദക്കെണിയിൽ കുരുങ്ങിയ വിദ്യാർത്ഥിനിയുമായി കാറിൽ ഊര് ചുറ്റിയ യുവാവിനെ പൊലീസ് പൊക്കി. കൊണ്ടോട്ടി സിയാംകണ്ടം സ്വദേശി അമീറിനെയാണ് (23) അറസ്റ്റ് ചെയ്തത്. ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർത്ഥിനി രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോന്ന ശേഷം ഫേസ്ബുക്ക് സുഹൃത്തിനൊപ്പം കറങ്ങുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി, ഇരുവരും ഇരിങ്ങാലക്കുടയിൽ ഉണ്ടെന്ന് വിവരം കിട്ടി. തുടർന്ന് തന്ത്രപൂർവ്വം വിളിച്ചു വരുത്തി നടപടിയെടുക്കുകയായിരുന്നു. യുവാവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും സമാനരീതിയിലുള്ള, ചുറ്റിത്തിരിയലുകൾ ശ്രദ്ധയിൽവന്നിട്ടുണ്ടെന്നും അതെല്ലാം പൊലീസ് നിരീക്ഷിച്ചുവരികയാണെന്നും എസ്.ഐ കെ.എസ്.സൂരജ് പറഞ്ഞു.