
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ചുമതലപ്പെടുത്തി. സുപ്രീം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സുരക്ഷാ വീഴ്ച സംഭവിച്ചതെങ്ങനെ, ഇതിന്റെ ഉത്തരവാദികൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായി അന്വേഷിക്കുന്നത്. കൂടാതെ ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരുടെ സുരക്ഷാ സംവിധാനങ്ങളും സമിതി വിലയിരുത്തും.
അന്വേഷണത്തിന് അഞ്ചംഗ സമിതിയാകും രൂപീകരിക്കുക. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിയുടെ ഭാഗമാകും. 'ചോദ്യങ്ങള്‍ ഏതെങ്കിലും ഒരു വശത്തേക്കുള്ള അന്വേഷണത്തില്‍ അവശേഷിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണ്' സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി.
ലോയേഴ്‌സ് വോയിസ് എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഇന്ത്യയുടെ ഏതെങ്കിലും പ്രധാനമന്ത്രിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണിതെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിക്കും ഡി. ജി. പി സിദ്ധാർത്ഥ് ചതോപാദ്ധ്യായയ്‌ക്കും എതിരെ അച്ചടക്ക നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രധാനമന്ത്രിയുടെ റൂട്ട് അറിയാമായിരുന്നത് പഞ്ചാബ് സർക്കാരിനും പൊലീസിനും മാത്രമാണ്. സുരക്ഷാ വീഴ്ച വന്നെങ്കിൽ ഉത്തരവാദികൾ പൊലീസാണെന്നും ഹർജിയിൽ പറയുന്നു.