kirmani

കൽപ്പറ്റ: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ കിർമാണി മനോജും സംഘവും കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. എന്നാൽ, ചെറിയ കേസിൽ പെട്ട് വീണ്ടും അകത്തായതിന്റെ വിഷമത്തിലാണ് കക്ഷി. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്.

ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും കിർമാണി മനോജ് പ്രതിയാണ്. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായതോടെ ചെറിയ കേസിലെല്ലാംപെട്ട് ആകെ നാണക്കേടായല്ലോ എന്നാണ് അന്വേഷണോദ്യോഗസ്ഥരോട് പ്രതി പറഞ്ഞത്.

സുഹൃത്തായ കമ്പളക്കാട് മുഹസിന്റെ വിവാഹവാർഷികാഘോഷത്തിനിടയിലാണ് കിർമാണിയെയും സംഘത്തെയും പൊലീസ് പൊക്കിയത്. വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഇളവിലാണ് കിർമാണി മനോജ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഒമ്പതുമാസമായി പുറത്താണ്.

സെപ്‌തംബറിൽ തിരിച്ചു കയറാൻ ഉത്തരവ് ലഭിച്ചെങ്കിലും ഇതിനെതിരെ ചില തടവുകാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. അങ്ങനെയാണ് കിർമാണി മനോജിനും പരോൾ കാലാവധി നീട്ടിക്കിട്ടിയത്. റിസോർട്ടിൽ ക്രിമിനൽ സംഘമെത്തുമെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് ആദ്യമേ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.