
സിൻജിയാങ് : ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്ലീങ്ങൾക്ക് നേരെ ചൈനീസ് സർക്കാർ എടുക്കുന്ന നടപടികളെ കുറിച്ച് ഏറെ നാളായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം അനുവദിക്കാതെ ന്യൂനപക്ഷത്തെ തടങ്കൽ പാളയത്തിൽ പാർപ്പിക്കുന്ന ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ നിരന്തരം പ്രതിഷേധിക്കാറുണ്ട്. ഇപ്പോഴിതാ നാല് വർഷം മുൻപ് ചൈനീസ് സൈനികർ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ 57കാരിയെ 14 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
വീടിന് ചുറ്റുമുള്ള കുട്ടികളെ ഖുറാൻ പാരായണം ചെയ്യാൻ പഠിപ്പിച്ചതിനാണ് നാല് വർഷം മുമ്പ് ചൈനയിലെ സിൻജിയാങ് മേഖലയിൽ അർദ്ധരാത്രിയിൽ അറസ്റ്റിലായ ഉയ്ഗൂർ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചത്. അയൽപക്കത്തെ ചെറുപ്പക്കാർക്ക് ഇസ്ലാമിക വിദ്യാഭ്യാസം നൽകി, ഖുറാൻ ഒളിപ്പിച്ചു സൂക്ഷിച്ചു എന്നുമാണ് ഇവർക്ക് മേൽ കുറ്റം ചാർത്തിയിരിക്കുന്നത്. ഷിൻജിയാങ്ങിലെ ചാങ്ജി ഹുയിയെന്ന ഇടത്തുനിന്നാണ് 2017 മെയ് മാസത്തിൽ ചൈനീസ് ഉദ്യോഗസ്ഥർ 57 കാരിയെ കൊണ്ടു പോയത്. പ്രദേശത്തെ കുട്ടികൾക്ക് മതപഠനം നടത്തിയതിന് എഴും, ഖുറാൻ ഒളിപ്പിച്ച് സൂക്ഷിച്ചതിന് ഏഴും ചേർത്ത് പതിനാല് വർഷത്തെ ശിക്ഷയാണ് ഇവർക്ക് വിധിച്ചത്.
വർഷങ്ങളായി സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിലെ ചൈനീസ് അധികാരികൾ ന്യൂനപക്ഷത്തിൽ പെട്ടവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനായി ഉയ്ഗൂർ ബിസിനസുകാരെയും ബുദ്ധിജീവികളെയും സാംസ്‌കാരികവും മതപരവുമായ വ്യക്തികളെ ലക്ഷ്യമിട്ട് അറസ്റ്റുകൾ നടക്കുന്നുണ്ട്. ചൈനയുടെ തടങ്കൽ കേന്ദ്രങ്ങളിൽ ഉദ്ദേശം 1.8 ദശലക്ഷം ഉയ്ഗൂറുകളുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ക്യാമ്പുകളിൽ ഫാക്ടറികളുണ്ടാക്കി അടിമപണി ചെയ്യിക്കുന്നതായും, പുറത്തറിയാതിരിക്കാൻ അവ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങളാണെന്ന് ഭരണകൂടം അവകാശപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.