g-r-anil

തിരുവനന്തപുരം: ഇ പോസ് മെഷീനിലെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെ റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്തെ അരി വിതരണത്തിന് തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഉച്ചവരെയും മറ്റ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ വിതരണം നടക്കുക. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതൽ 12 വരെയായിരിക്കും റേഷൻ കടകള്‍ പ്രവർത്തിക്കുക. മറ്റുജില്ലകളിൽ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

സെർവര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായത്. സ്റ്റേറ്റ് ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കും. നിലവിൽ റേഷന്‍ വിതരണം കൃത്യമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. എന്നാൽ ചിലർ കടകൾ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്താകെ 14036 റേഷൻ കടകളുണ്ട്. ഇതിൽ 4026 എണ്ണം മാത്രമാണ് കഴിഞ്ഞ ദിവസം പ്രവർത്തിച്ചത്. സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. എന്നാൽ സെർവറിലെ പ്രശ്നം വ്യാപാരികൾ പെരുപ്പിച്ചുകാട്ടുന്നു എന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.