
മൊഹാലി: തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് വിഷയങ്ങളടങ്ങുന്ന 'പഞ്ചാബ് മോഡൽ' അവതരിപ്പിച്ച്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മൊഹാലിയിൽ നടന്ന ഒരു സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തിനിടെ പഞ്ചാബിൽ സാമ്പത്തികമായ മുന്നേറ്റം കൊണ്ടുവരുമെന്നും തൊഴിൽ തേടി കാനഡയിൽ പോയ യുവാക്കൾ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പാർട്ടിയെ ജയിപ്പിച്ചാൽ ജനങ്ങൾക്കെല്ലാം തൊഴിൽ നൽകുമെന്നും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവം സൃഷ്ടിക്കുമെന്നും കെജ്‌രിവാൾ ഉറപ്പുനൽകി. സമാധാനപരമായ പഞ്ചാബ് സൃഷ്ടിക്കുമെന്ന് വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. എഎപി സർക്കാർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ബിസിനസ് അനുകൂല ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിൽ വന്നാൽ മയക്കുമരുന്ന് സംഘത്തെ തുടച്ചുനീക്കുകയും നീതി ഉറപ്പാക്കുകയും അഴിമതി അവസാനിപ്പിക്കുകയും ചെയ്യുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. 16,000 മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നും ഓരോ പഞ്ചാബിക്കും സൗജന്യ ചികിത്സ നൽകുമെന്നും ഉറപ്പുനൽകി. കൂടാതെ എല്ലാ ദിവസവും സൗജന്യ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്നും കെജ്‌രിവാൾ വാഗ്ദ്ധാനം ചെയ്തു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയെപ്പറ്റിയും കെജ്‌രിവാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്നും പ്രധാനമന്ത്രിക്കും സാധാരണജനങ്ങൾക്കും വേണ്ട സുരക്ഷ ഒരുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. എല്ലാവർക്കും വേണ്ട സുരക്ഷ എഎപി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.