covid

ലണ്ടൻ: കൊവിഡ് വ്യാപനം ലോകമൊട്ടാകെ രൂക്ഷമാകുകയാണ്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ വകഭേദമായ ഡെൽറ്റയ്ക്ക് പിന്നാലെയെത്തിയ ഒമിക്രോണാണ് ഇപ്പോൾ ഏറെ ആശങ്ക പരത്തുന്നത്. കൊവിഡ് വ്യാപനവും വകഭേദങ്ങളും സംബന്ധിച്ച നിരവധി പഠനങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ കൊവിഡ് കാലത്തെ ഗർഭാവസ്ഥയെ സംബന്ധിച്ച പഠനമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്.

ഗർഭിണികൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാതിരിക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ. ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും കൊവിഡ് വാക്സിൻ ഫലപ്രദമാണെന്ന് അടുത്തിടെ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്.

വാക്സിൻ സ്വീകരിക്കാതിരിക്കുകയും കൊവിഡ് പിടിപെടുകയും ചെയുന്ന ഗർഭിണികളിൽ 20 ശതമാനം പേർക്ക് വരെ മാസം തികയാതെയുള്ള പ്രസവത്തിന് സാദ്ധ്യതയുള്ളതായി വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പും സംബന്ധിച്ച സംയുക്ത സമിതിയിലെ പ്രൊഫസറായ ജെറെമി ബ്രൗൺ വ്യക്തമാക്കി. യു കെയിലെ പ്രസവ നിരീക്ഷണ സംവിധാനമനുസരിച്ച് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 96.3 ശതമാനം രോഗികളും വാക്സിൻ സ്വീകരിക്കാത്തവരായിരുന്നു. ഇവരിൽ 33 ശതമാനം പേർക്ക് ശ്വാസതടസവും ഉണ്ടായിരുന്നതായും ഗ‌ർഭിണികളിൽ മൂന്നിൽ ഒന്നും മാസം തികയാതെ പ്രസവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഗർഭിണികൾ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് കൊവിഡ് വാക്സിൻ സ്വീകരിക്കുക എന്നതാണെന്ന് യു കെയിലെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിന്റെ ശാസ്ത്ര ഉപദേഷ്ടാവും പ്രസവ ചികിത്സാ വിഭാഗം പ്രൊഫസറുമായ ലൂസി ചാപ്പൽ പറഞ്ഞു. ഗർഭിണികളിൽ കൊവിഡ് അണുബാധ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് മാസം തികയാതെ പ്രസവിക്കുന്നതിനും പ്രസവത്തിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് പ്രസിഡന്റായ ഡോ.എഡ്വേർഡ് മോറിസ് വെളിപ്പെടുത്തി.