
ചെന്നൈ: കാഴ്ച ശക്തിയില്ലാത്ത വ്യക്തിയെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന് തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ട് സി പി എം ജില്ലാ ഘടകം. ബി എസ് ഭാരതി അണ്ണയെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അയിത്തോച്ചാടന മുന്നണി മുൻ ഭാരവാഹിയായിരുന്ന ബി എസ് ഭാരതി അണ്ണ അഭിഭാഷകനുമാണ്. വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ഡോ. അംബേദ്കർ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം ചെങ്കൽപേട്ടിൽ പ്രാക്ടീസ് ആരംഭിച്ചിരുന്നു. തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.
മൂന്നുവയസിന് ശേഷം ഹ്രസ്വദൃഷ്ടി ബാധിക്കുകയും ക്രമേണ കുറഞ്ഞുവന്ന കാഴ്ച 2014-ൽ പൂർണമായി നഷ്ടമായി. അതോടെ ജോലി രാജിവയ്ക്കേണ്ടിവന്നു. പക്ഷേ ആധുനിക സാങ്കേതിക വിദ്യകൾ തനിക്ക് സഹായകമായെന്നും ഇപ്പോൾ അംഗപരിമിതർക്കായുള്ള ഒരു യൂണിറ്റിലാണ് ജോലി ചെയ്യുന്നതെന്നും ബി.എസ് ഭാരതി അണ്ണ പറഞ്ഞു.