saina-sidharth

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച ബാഡ്മിന്റൺ താരം സൈനാ നെഹ്‌വാളിനെ വിമർശിച്ച നടൻ സിദ്ധാർത്ഥ് ഒടുവിൽ മാപ്പ് പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഇതിനുള്ള മറുപടിയിൽ 'കെട്ടിച്ചമച്ച കഥ' എന്ന അർത്ഥത്തിൽ സിദ്ധാർത്ഥ് നടത്തിയ പ്രയോഗത്തിന് അശ്ലീലവ്യാഖ്യാനം വന്നതാണ് വിവാദത്തിന് കാരണം.

താൻ ഒരു തമാശ പറയാൻ ശ്രമിച്ചതാണെന്നും എന്നാൽ ആ തമാശ മറ്റുള്ളവരിലേക്ക് ശരിയായ രീതിയിൽ എത്തിയില്ലെന്നും അതിന് താൻ മാപ്പ് ചോദിക്കുന്നെന്നും സിദ്ധാർത്ഥ് പറഞ്ഞു. ഇന്ന് ട്വിറ്ററിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് സിദ്ധാർത്ഥ് ക്ഷമ ചോദിച്ചത്. സൈന എന്നും തന്റെ ചാമ്പ്യൻ ആണെന്നും അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും സിദ്ധാർത്ഥ് പറഞ്ഞു.

മാപ്പ് പറയാൻ തയ്യാറായത് നന്നായെന്നും എന്നാൽ സിദ്ധാർത്ഥ് പ്രയോഗിച്ച തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നെന്ന് സൈന പ്രതികരിച്ചു. അനാവശ്യമായ ഒരു വിവാദമായിരുന്നെന്നും തന്റെ പേര് ട്വിറ്ററിൽ ട്രെൻഡിംഗിൽ വന്നത് കണ്ട് താൻ തന്നെ ഞെട്ടിപ്പോയെന്നും സൈന പറ‌ഞ്ഞു. താൻ ഇന്ന് വരെ സിദ്ധാർത്ഥിനെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചെന്ന് അറിയില്ലെന്നും സൈന പറഞ്ഞു.