
മിക്സഡ് ജിമ്മിൽ വർക്കൗട്ടിന് പോകുന്നതിന് സ്ത്രീകൾ പൊതുവെ വിമുഖത കാട്ടാറുണ്ട്. ജിം ഡ്രസ് കോഡിൽ വർക്കൗട്ടുകൾ ചെയ്യുമ്പോഴുള്ള തുറിച്ച് നോട്ടങ്ങൾ ഭയന്നാണ് ഇത്. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും, വീഡിയോ മൊബൈലിൽ ചിത്രീകരിക്കുന്ന സംഭവങ്ങളും പതിവാണ്. എന്നാൽ ജിമ്മിൽ തനിക്ക് ഉണ്ടായ ഒരു നല്ല അനുഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു സ്ത്രീ. താൻ സ്‌ക്വാറ്റ് വർക്ക്ഔട്ട് ചെയ്യുമ്പോൾ പിന്നിലിരുന്ന പുരുഷൻ നോക്കുക പോലും ചെയ്യാതിരുന്നതാണ് യുവതി ആശ്ചര്യപ്പെടുത്തിയത്. ഈ വീഡിയോയും അവർ പുറത്ത് വിട്ടിട്ടുണ്ട്.
യുവതി സ്വയം സ്‌ക്വാറ്റ് വ്യായാമങ്ങൾ ചെയ്യുന്നത് ചിത്രീകരിച്ചപ്പോഴാണ് ഒരു പുരുഷൻ അവളുടെ പിന്നിൽ ഇരിക്കുന്നത് കണ്ടത്. എന്നാൽ അയാൾ അവളെ തുറിച്ച് നോക്കാതെ തറയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. അയാൾ അവിടെ ഇരിക്കുന്നതിൽ താൻ അസ്വസ്ഥയായിരുന്നെന്നും, പിന്നീട് ചിത്രീകരിച്ച വീഡിയോ നോക്കിയപ്പോഴാണ് അയാൾ തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് മനസിലായതെന്നും യുവതി കുറിക്കുന്നു. വീഡിയോ വീണ്ടും കണ്ടു, ആ വ്യക്തിയുടെ പ്രവർത്തനങ്ങൾ തനിക്ക് 'ആശ്വാസമായി' തോന്നി യുവതി കുറിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് താഴെ നിരവധിയാളുകളാണ് കമന്റ് ചെയ്തത്. ഇതിൽ സ്ത്രീകളിൽ പലരും ജിമ്മിൽ തങ്ങൾക്കുണ്ടായ അസുഖകരമായ കാര്യങ്ങൾ എഴുതിയിട്ടുമുണ്ട്.