dharasing

ലഖ്‌നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മന്ത്രി കൂടി രാജി വച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിംഗ് ചൗഹാനാണ് ഇന്ന് രാജിവച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. മധുഭൻ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ധാരാസിംഗ്. ആദ്യം ബിഎസ്‌പി അംഗമായിരുന്ന അദ്ദേഹം 2015ലാണ് ബിജെപിയിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം രാജി വച്ച തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും പാർട്ടിയിൽ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ബിജെപി സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു താൻ രാജി വച്ചതെന്നാണ് മൗര്യ വെളിപ്പെടുത്തിയത്.

കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ രാജി വയ്‌ക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ബിഎസ്‌പിയിൽ നിന്നുമാണ് മൗര്യയും ബിജെപിയിലേക്ക് എത്തിയത്. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും കഴിഞ്ഞ ദിവസം മൗര്യയ്‌ക്കൊപ്പം രാജി വച്ചിരുന്നു.