prasad-maurya

ലക്ക്നൗ: ഉത്തർപ്രദേശിലെ ബി ജെ പി മന്ത്രസഭയിൽ അംഗമായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവച്ച് ബി ജെ പി വിടുന്നതിന്റെ സൂചനകൾ നൽകി മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിനെതിരായ പഴയ കേസ് കുത്തിപ്പൊക്കി യു പി സർക്കാർ. 2014ൽ സ്വാമി പ്രസാദ് മൗര്യ ഹിന്ദു ദൈവങ്ങളെ അപമാനിച്ച് കൊണ്ട് നടത്തി പ്രസംഗത്തിനെതിരെയാണ് ഇപ്പോൾ കെസെടുത്തിരിക്കുന്നത്. കേസിൽ മൗര്യയ്‌ക്കെതിരെ വാറണ്ട് അയച്ച സുൽത്താൻപൂ‌ർ കോടതി കേസിലെ വിചാരണയ്ക്ക് വേണ്ടി ജനുവരി 24ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.

2014ൽ സമാജ്‌വാദി പാ‌ർട്ടി അംഗമായിരുന്ന അവസരത്തിലായിരുന്നു മൗര്യ വിദ്വേഷ പ്രസംഗം നടത്തിയത്. തുടർന്ന് 2016ൽ അദ്ദേഹം ബി ജെ പിയിൽ ചേർന്നിരുന്നു.

യോഗി മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ച ശേഷം സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും പാർട്ടിയിൽ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ബിജെപി സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു താൻ രാജി വച്ചതെന്നാണ് മൗര്യ വെളിപ്പെടുത്തിയത്.

കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ രാജി വയ്‌ക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ബിഎസ്‌പിയിൽ നിന്നുമാണ് മൗര്യയും ബിജെപിയിലേക്ക് എത്തിയത്. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും കഴിഞ്ഞ ദിവസം മൗര്യയ്‌ക്കൊപ്പം രാജി വച്ചിരുന്നു.