
തിരുവനന്തപുരം: മലയാളിയായ ഡോ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ അടുത്ത ചെയർമാനാവും. തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറുമാണ് നിലവിൽ ഡോ.എസ്. സോമനാഥ്. ഡോ.കെ. ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നീ മലയാളികളാണ് മുൻപ് ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ളത്. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക.
മിടുമിടുക്കിന് അംഗീകാരം
സീനിയോറിട്ടിയെക്കാൾ അസാധാരണ പ്രകടനമിടുക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനെ നിയമിക്കുന്നതിന് മാനദണ്ഡമാക്കുക. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും സോഫ്റ്റ് വെയർ വികസനത്തിലുമുള്ള മികവാണ് ഡോ. സോമനാഥിനെ ഉന്നത പദവിയിലെത്തിക്കുന്നത്.